കഴക്കൂട്ടം: നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം എലിവേ​റ്റഡ് ഹൈവേയുടെ കോൺഗ്രീ​റ്റ് തൂണുകളുടെ പൈലിംഗ് നടത്തുന്നതിനിടെ പള്ളിപ്പുറം സി.ആർ.പി.എഫിലേക്കു കടന്നു പോകുന്ന കുടിവെള്ള വിതരണം നടത്തുന്ന 250 എംഎം ഇരുമ്പ് പൈപ്പ് പൊട്ടി. പൗഡിക്കോണം പുതുക്കുന്നിലെ സംഭരണിയിൽ നിന്നുള്ള പെപ്പാണ് പൊട്ടിയത്. ഇതോടെ പളളിപ്പുറം സി ആർ പി എഫ് ക്യാമ്പിലേക്കുള്ള കുടിവെള്ള ലഭ്യത പൂർണമായും നിലച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴ് മണിയോടെ പൈലിംഗ് നടത്തുന്നതിനിടെ കഴക്കൂട്ടം ജംഗ്ഷനിലെ ദേശീയപാതയിലാണ് പൈപ്പ് പൊട്ടിയത്. സംഭവമറിഞ്ഞ് വാട്ടർ അതോറിട്ടി ജീവനക്കാർ എത്തി കാര്യവട്ടത്തെ വാൽവ് അടച്ചു. പൊട്ടിയ പൈപ്പ് ശരിയാക്കുന്നതു വരെ ക്യാമ്പിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങും. കുടിവെള്ള വിതരണം പുനരാരംഭിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് വാട്ടർ അതോറി​ട്ടി ജീവനക്കാർ പറയുന്നത്. മേൽപ്പാല നിർമ്മാണം നടത്തുന്ന ആർ.ഡി.എസ് കമ്പനി അധികൃതർ കുടിവെള്ള പൈപ്പ് കടന്നു പോകുന്നിടത്ത് പൈലിംഗ് നടത്തുന്ന കാര്യം തങ്ങളെ നേരത്തെ അറിയിച്ചില്ലെന്നാണ് വാട്ടർ അതോറി​ട്ടി ജീവനക്കാർ പറയുന്നത്. പൊട്ടിയ പൈപ്പ് കൂട്ടിയോജിപ്പിക്കുന്നതുവരെ ഈ ഭാഗത്തെ എലിവേ​റ്റഡ് ഹൈവേയുടെ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് വാട്ടർ അതോറി​ട്ടി നിർമാണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.