തിരുവനന്തപുരം: ഒൻപത് മാസം പ്രായമായ ആര്യനെയും, കരൾ പകുത്തു നൽകാൻ തയ്യാറായ മാതാപിതാക്കളെയും കൊണ്ട് എസ്.എ.ടി ആശുപത്രിയിൽ നിന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് കനിവ് 108 ആംബുലൻസ് കുതിച്ചെത്തിയത് 3 മണിക്കൂറിൽ. പൊലീസും നാട്ടുകാരും ഒത്തുചേർന്നതിനാലാണ് ആലപ്പുഴ എസ്.എൽ പുരം കൊല്ലതായ് വെളിയിൽ വീട്ടിൽ സാജൻ ജോസഫ് - മേരി ദമ്പതികളുടെ മകൻ ആര്യനെ അതിവേഗം കൊച്ചിയിലെത്തിക്കാനായത്. നാലു ദിവസം മുൻപാണ് ന്യുമോണിയ ബാധയെ തുടർന്ന് കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. എസ്.എ.ടിയിലെ പരിശോധനയിൽ കുഞ്ഞിന് ഗുരുതര കരൾ രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡോകർമാരുടെ സംഘം കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി ബന്ധപ്പെടുകയും കുഞ്ഞിന്റെ ശസ്ത്രക്രിയ ചെയ്യാൻ അവിടെ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. ആര്യന് കരൾ പകുത്തു നൽകാൻ മാതാപിതാക്കൾ സമ്മതിച്ചതോടെ 108 ആംബുലൻസ് പൈലറ്റ് രാജേഷ് കുമാറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വൈശാഖ് വി.എസും ഉടനെ എസ്.എ.ടി ആശുപത്രിയിലെത്തി. കുരുന്നു ജീവന് വഴിയൊരുക്കാൻ സംസ്ഥാന പൊലീസും കൈകോർത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ സന്ദേശം എല്ലാ ജില്ലകളിലേക്കും കൈമാറി. ഹൈവേ പൊലീസും വിവരം അറിഞ്ഞെത്തിയ സുമനസുകളും ഹൈവേകളിൽ സേവനമൊരുക്കി. ഇന്നലെ വൈകിട്ട് 5.45ന് എസ്.എ.ടിയിൽ നിന്ന് തിരിച്ച ആംബുലൻസ് രാത്രി 8.50 ഓടെ ആസ്റ്റർ മെഡിസിറ്റിയിലെത്തി. കുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റി.