1

പൂവാർ: കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കടലിന്റെ മക്കൾ ഇന്ന് പട്ടിണിയുടെ വക്കിലാണ്. കടലിൽ മത്സ്യബന്ധനത്തിനായി പ്രതീക്ഷയോടെ പോകുന്ന തൊഴിലാളികൾ വെറും കൈയോടെ തിരിച്ച് വരേണ്ട അവസ്ഥയിലാണ്. ഇന്ധനചെലവും ബോട്ട് വാടകയും ഭക്ഷണ ചെലവും എല്ലാം സഹിക്ക് കടലിൽ പോകുന്ന ഇവർക്ക് കടം വാങ്ങിയ തുക തിരിച്ച് കൊടുക്കാൻ പോലും ഒന്നും കിട്ടാറില്ല. ബോട്ടിൽ എത്തുന്ന മത്സ്യത്തെ പ്രതീക്ഷിച്ച് തീരത്ത് കഴിയുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള ചെറുകിട കച്ചവടക്കാരും ഇന്ന് ദുരിതത്തിലാണ്. ചുരുക്കത്തിൽ ഇന്ന് തീരത്ത് കഴിയുന്ന മത്സ്യബന്ധന കുടുബങ്ങൾ ഇന്ന് കൊടും പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. ഇവർക്ക് കടം പെരുകുന്നതല്ലാതെ ഒരു രൂപപോലും കടം വീട്ടാൻ കവിയുന്നില്ലെന്നാണ് ഓരോ കുടുംബവും പറയുന്നത്. കുട്ടികളുടെ പഠനവും പ്രായം ചെന്നവരുടെ ചികിത്സയും എല്ലാം അവതാളത്തിലായിരിക്കുകയാണ്.

നിലവിൽ കടലെന്നാൽ മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. കടലിൽ വല വീശിയാൽ മത്സ്യത്തിന് പകരം പ്ലാസ്റ്റിക് മാലിന്യമാണ് കിട്ടുന്നത്. കടലിൽ പ്ലാസ്റ്റിക്കിൽ നിന്നും രൂപപ്പെടുന്ന രാസവസ്ഥുക്കൾ കാരണം പ്ലാങ്ടണുകൾ നശിക്കും. അതിലൂടെ ഭക്ഷണത്തിനായി അവയെ അശ്രയിക്കുന്ന മറ്റ് കടൽ മത്സ്യങ്ങളുടെ നിലനില്പിന് ഭീഷണിയാകും. ഒപ്പം കനാലുകൾ വഴി കടലിലേക്ക് ഒഴുക്കുന്ന മലിന ജലം കടലിലെ മത്സ്യങ്ങൾക്ക് ഭീഷണിയാകുകയാണ്.

മഴ കുറയുകയും കടലിൽ ചുട് വർദ്ധിക്കുകയും ചെയ്തതും മത്സ്യ സമ്പത്തിനെ ബാധിച്ചിട്ടുണ്ട്. കടലിലെ ആവാസ വ്യവസ്ഥയേയും കടലൊഴുക്കിൽ വന്ന മാറ്റങ്ങളും കാരണം മത്സ്യങ്ങൾ മറ്റ് തീരത്തേക്ക് മാറിയെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ കാലാവസ്ഥാ വെതിയാനം കടലിലെ പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുകയും മത്സ്യലഭ്യത കുറയാൻ കാരണമാകുകയും ചെയ്തു.

ചെറുതും വലുതുമായ മീനുകളെ അടിത്തട്ടിൽ നിന്നുവരെ പിടിക്കാനുള്ള വലകൾ ഇന്ന് മത്സ്യബന്ധനത്തിന് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മത്സ്യസമ്പത്ത് നിലനിറുത്തേണ്ട ചെറു മീനുകൾ നശിക്കുന്നത് മീനുകളുടെ ദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്. ഈ ചെറുമത്സ്യങ്ങൾ വളത്തിനും മറ്റും ഉപയോഗിക്കുന്നതിനാൽ മാർക്കറ്റിൽ വിറ്റുപോകുമെന്നതിനാൽ ഇവയെ പിടിക്കുന്നതും പതിവാണ്.