ks

തിരുവനന്തപുരം: കിഫ്ബി വഴി പണം അനുവദിച്ചിട്ടും ബസ് വാങ്ങാതെ മൂന്നു കൊല്ലത്തോളം ഉഴപ്പിയ കെ.എസ്.ആർ.ടി.സിയെ ഒടുവിൽ സർക്കാർ ചെവിക്കു പിടിച്ചു. ബസ് വാങ്ങാൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കോർപ്പറേഷൻ മാനേജ്മെന്റിന് കർശന നിർദ്ദേശം നൽകി.

'900 ബസുകളിൽ ഒന്നുപോലും വാങ്ങാതെ കെ.എസ്.ആർ.ടി.സി' എന്ന തലക്കെട്ടിൽ കേരളകൗമുദി 15 ന് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് സർക്കാർ നടപടി. ബസ് വാങ്ങാതിരുന്നതിനു കാരണം ബോധിപ്പിക്കാനും, തുടർനടപടിയുടെ വിശദവിവരം നൽകാനും അന്നുതന്നെ മന്ത്രി കോർപ്പറേഷൻ എം.ഡിയോട് ആവശ്യപ്പെടുകയായിരുന്നു. 410 ബസ് വാങ്ങാൻ തയ്യാറാണെന്ന റിപ്പോർട്ട് വൈകിട്ടു തന്നെ മന്ത്രിയുടെ ഓഫീസിലെത്തി. പുതിയ ബസുകൾ വാങ്ങാതെ സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ മാനേജ്മെന്റിലെ ചിലർ നടത്തിയ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

410 ബസുകളിൽ പകുതിയെണ്ണം ബോഡിയോടു കൂടിയതും, ബാക്കി ഷാസി മാത്രമായും വാങ്ങാമെന്ന പദ്ധതിയാണ് കോർപ്പറേഷൻ സമർപ്പിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ കാരണം റിപ്പോർട്ടിൽ ഇല്ല. സെൻട്രൽ വർക്‌സിലെ ബോഡി ബിൽഡിംഗ് വിഭാഗം തൊഴിലാളികളിൽ ഭൂരിഭാഗത്തെയും പിരിച്ചുവിട്ടിരുന്നു. ഇനി ബോ‌ഡി പണിയണമെങ്കിൽ ദിവസക്കൂലിക്ക് തൊഴിലാളികളെ നിയമിക്കേണ്ടി വരും. അതുകൊണ്ട് ബോഡി ഉൾപ്പെടെ ബസ് വാങ്ങുന്നതാണ് ലാഭമെന്ന കണക്കുകൂട്ടലിലാണ് ഗതാഗത വകുപ്പ്.

ബസ് വാങ്ങാൻ സമ്മതമറിയിച്ച കെ.എസ്.ആർ.ടി.സി, അതേ റിപ്പോർട്ടിൽ ഒരു കുറിപ്പ് കൂടി ചേർത്തിട്ടുണ്ട്. 410 വാങ്ങി ഓടിച്ചാലും പ്രതിദിനം 1.65 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും! വരുമാനം കൂടാത്തതിന് പിന്നെ പഴിക്കരുതെന്ന് ചുരുക്കം.

ഷാസിയോ ബോഡിയോ?

 ഷാസി വില ₹17 ലക്ഷം മുതൽ ₹20 ലക്ഷം വരെ

 ബോഡിയോടു കൂടിയതിന് ₹ 24 ലക്ഷം - ₹ 26 ലക്ഷം

 ബോഡി നിർമ്മിച്ചാൽ ബസൊന്നിന് ചെലവ് ₹10 ലക്ഷം- ₹11ലക്ഷം
ബോഡിയോടു കൂടി വാങ്ങിയാൽ ബോഡിക്ക് കമ്പനി വാറന്റിയുണ്ട്

 ബോഡിയോടു കൂടിയ ബസ് ഉടനെ നിരത്തിലിറക്കാം

ബസ് വാങ്ങാതെ സർവീസുകൾ കുറഞ്ഞതിന്റെ പ്രധാന ഉത്തരവാദിത്വം കോർപ്പറേഷനിലെ സാങ്കേതികവിഭാഗത്തിന്റെ തലപ്പത്തുള്ളവർക്കാണ്. തെറ്റായ ഉപദേശം അവിടെ നിന്നാണ് വരുന്നത്.

എം.ജി.രാഹുൽ

ജനറൽ സെക്രട്ടറി

കെ.എസ്.ആർ.ടി. എപ്ലോയീസ് യൂണിയൻ