rera
photo

തിരുവനന്തപുരം: സംസ്ഥാനത്ത് റിയൽ എസ്റ്റേറ്ര് മേഖല ശുദ്ധീകരിക്കാൻ രൂപീകരിച്ച റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിയിൽ (റെറ) വീണ്ടും ചട്ടവിരുദ്ധ നിയമനനീക്കം. സെർച്ച് കമ്മിറ്റി രൂപീകരിക്കാതെ സെലക്‌ഷൻ കമ്മിറ്റി നേരിട്ട് അപേക്ഷ സ്വീകരിച്ചാണ് വഴിവിട്ട നിയമനത്തിന് കളമൊരുക്കം.

2016 ലെ കേന്ദ്ര നിയമപ്രകാരം ഹൈക്കോടതി ജഡ്‌ജി അദ്ധ്യക്ഷനും നിയമം,ഹൗസിംഗ് വകുപ്പുകളുടെ സെക്രട്ടറിമാർ അംഗങ്ങളുമായ സെലക്‌ഷൻ കമ്മിറ്റിയും, അതിനു കീഴിൽ സെർച്ച് കമ്മിറ്റിയും രൂപീകരിച്ചാണ് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. സെർച്ച് കമ്മിറ്റി നൽകുന്ന പട്ടികയാണ് സെലക്‌ഷൻ കമ്മിറ്റി പരിഗണിക്കേണ്ടത്.

സെലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചെങ്കിലും സെർച്ച് കമ്മിറ്റി ഇല്ലാതെ നേരത്തെ അതോറിട്ടിയിൽ ഒരംഗത്തെ കണ്ടെത്തിയിരുന്നു. സെലക്‌ഷൻ കമ്മിറ്റി കണ്ടെത്തിയവർ പലർക്കും നിശ്ചിത യോഗ്യതയില്ലാതിരുന്നത് വിവാദമാവുകയും ചെയ്തു. അതോറിട്ടി രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിയമവകുപ്പാണ് ഇതിനു തടയിട്ടത്. ഇതേ നടപടി തന്നെയാണ് ഇപ്പോഴത്തെ നിയമന നീക്കത്തിനു പിന്നിലും.

2018 ഫെബ്രുവരി 28ന് തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും നഗരകാര്യ, ഹൗസിംഗ് സെക്രട്ടറിമാർ അംഗങ്ങളുമായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ തദ്ദേശവകുപ്പ് (അർബൻ)സെക്രട്ടറിയായിരുന്ന ബി.അശോക് ഫയലിൽ എഴുതുകയും, തദ്ദേശ മന്ത്രിയായിരുന്ന കെ.ടി.ജലീലും മുഖ്യമന്ത്രിയും ഫയലിൽ ഒപ്പുവയ്‌ക്കുകയും ചെയ്തതാണ്. ഏപ്രിൽ 9 ന്

ഫയൽ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന് വിട്ടു. എന്നാൽ, സെർച്ച് കമ്മിറ്റി ഇല്ലാതെ നിയമനം നടത്താമെന്ന്

നിയമവകുപ്പ് സെക്രട്ടറിയായിരുന്ന ബി.ജി.ഹരീന്ദ്രനാഥ് പിറ്റേന്നു തന്നെ ഫയലിൽ എഴുതുകയായിരുന്നു.

 ആദ്യ പട്ടികയിലെ നാലുപേരും അയോഗ്യർ?

സെലക്‌ഷൻ കമ്മിറ്റിയുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത 24 പേരിൽ നിന്ന് നാലു പേരുടെ പട്ടികയാണ് സർക്കാരിനു കൈമാറിയത്. ബി.എസ്.എൻ.എൽ ചീഫ് എൻജിനിയർ ആയിരുന്ന എം.സുധീന്ദ്രൻ, ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ടി.കെ.രാജ്മോഹൻ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ ആയിരുന്ന മാത്യു സി.ഫ്രാൻസിസ്, അഭിഭാഷകയായ പ്രീത പി.മേനോൻ എന്നിവരായിരുന്നു പട്ടികയിൽ.

സർക്കാർ സർവീസിലുള്ളവരോ വിരമിച്ചവരോ ആണെങ്കിൽ ഗവ.സെക്രട്ടറി റാങ്കിൽ കുറയാതെ സേവനമനുഷ്ഠിച്ചാലേ അതോറിട്ടി അംഗമാകാനാവൂ. ഇതനുസരിച്ച് ആദ്യ മൂന്നു പേരും അയോഗ്യരാണ്. പട്ടികയിൽ നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കേണ്ടതുകൊണ്ട് മാത്യു ഫ്രാൻസിസിനെയും പ്രീത പി.മേനോനെയും സർക്കാർ നിയമിച്ചു. എന്നാൽ യോഗ്യനല്ലെന്നു പറഞ്ഞ് മാത്യു ഫ്രാൻസിസ് സ്വയം പിൻമാറി. ചുമതലയേറ്റ പ്രീത പി. മേനോന്റെ യോഗ്യത സംബന്ധിച്ച് പരാതിയുയരുകയും ചെയ്തു. ഇതിൽ അന്വേഷണ ആവശ്യമുന്നയിച്ചുള്ള പരാതി മുഖ്യമന്ത്രിയുടേയും തദ്ദേശ മന്ത്രിയുടെയും പരിഗണനയിലാണ്.

സെർച്ച് കമ്മിറ്റിയുടെ ജോലി കൂടി സെലക്‌ഷൻ കമ്മിറ്റി ഏറ്റെടുത്താണ് മുന്നോട്ടു പോകുന്നത്.

ഇതിലൂടെ സമയനഷ്ടം ഒഴിവാകും. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പി.കെ.അരവിന്ദബാബു

നിയമവകുപ്പ് സെക്രട്ടറി