നെയ്യാറ്റിൻകര:വിവിധ തരത്തിലുള്ള സസ്യജന്യ രോഗങ്ങൾ പിടിപെട്ട് നശിക്കുന്നതു കാരണം നാളികേര കൃഷി അന്യമാവുകയാണ്.അഞ്ച് സെന്റ് പുരടിയടവും വീടും ഉള്ളവർക്ക് പോലും കുറഞ്ഞത് നാലു തെങ്ങെങ്കിലും ഉണ്ടായിരുന്ന സ്ഥിതി പാടെ മാറി.ചെറുകിട കർഷകരുടെ തെങ്ങിൻ തോട്ടങ്ങളാകട്ടെ ഏതാണ്ട് പൂർണമായും കായ്ഫലമില്ലാതെ നശിച്ച നിലയിലാണ്.നഗരത്തിൽ പൊതുവേ നാളികേര കൃഷിക്ക് വേണ്ട പ്രോത്സാഹനം ഇല്ലാതിനാൽ നാട്ടിൻപുറങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തുന്ന നാളികേരമാണ് ഉപയോഗിക്കാറ്. എന്നാൽ ഇവയിൽ ഭൂരിഭാഗവും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്.പാകമാകാത്ത തേങ്ങയിൽ രാസപദാർത്ഥം ചേർത്ത് വ്യാജമായി തൂക്കവും നാളികേരത്തിന്റെ കട്ടിയും വർദ്ധിപ്പിച്ച് എത്തിക്കുന്ന വ്യാജ തേങ്ങയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്.കിലോയ്ക്ക് 40 രൂപ വരെ വിലയുള്ള ഇത്തരം നാളികേരത്തിൽ തൂക്കം വർദ്ധിപ്പിക്കാനായി സൾഫർ ഡയോക്സൈഡ് എന്ന രാസപാദാർത്ഥമാണ് ചേർക്കുന്നത്.ശരീരത്തിന് അത്യധികം ദോഷകരമായ ഈ രാസപദാർത്ഥം ചേർത്ത നാളികേരം പിടിച്ചെടുക്കാനും നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാകുന്നില്ലത്രെ.അതേസമയം,വേനൽ കടുത്തതോടെ നഗരത്തിൽ കരിക്കു കച്ചവടവും സജീവമായിട്ടുണ്ട്.30 വർഷം മുമ്പ് 12 രൂപയ്ക്ക് വിറ്റിരുന്ന കരിക്കിന് ഇന്ന് 40 മുതൽ 45 രൂപ വരെയാണ് വിലയെന്ന് തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപം ദീർഘനാളായി കരിക്ക് മൊത്തകച്ചവടം നടത്തുന്ന മണിക്കുട്ടനും ഓമനയും പറഞ്ഞു.ഗൗളിഗാത്രയിലെ കരിക്കിനാണ് ആവശ്യക്കാരേറെയെന്നും ഇവർ പറഞ്ഞു.
വിലവിവരം
തേങ്ങ (ഒരു കിലോ)- 40 - 42
കരിക്ക് (ഒന്നിന്) 40-45
നാളികേര ഗവേഷണ കേന്ദ്രം നോക്കുകുത്തി
കോട്ടുകാലിൽ പ്രവർത്തിക്കുന്ന നാളികേര വികസന ഗവേഷണ കേന്ദ്രത്തിൽ കൃഷി ശാസ്ത്രജ്ഞരുണ്ടെങ്കിലും ഇതേവരെ മണ്ഡരി രോഗത്തിന് പ്രതിവിധി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തത് നാണക്കേടാണെന്ന് കർഷകർ പറയുന്നു. മണ്ഡരി ബാധിച്ചാൽ തെങ്ങ് മുറിച്ച് കളയുക മാത്രമാണ് ഇപ്പോഴത്തെ മാർഗം. മുൻപ് ഒരു വീടിന് ആവശ്യമായ മുഴുവൻ നാളികേരവും വീട്ടുമുറ്റുത്തു നിന്നാണ് ലഭിച്ചിരുന്നത്. അതും ഇപ്പോൾ ഇല്ലാതായി.
വീട്ടുകാർക്ക് തെങ്ങിൻ തൈ പദ്ധതി
നാളികേര തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകൾ കുറവായതിനാൽ സ്വന്തം പുരയിടത്തിൽ തെങ്ങു നട്ടു വളർത്തുന്നതിനായി കേര കേരളം,സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിൻതൈകളുടെ വിതരണം കൃഷി ഭവൻ വഴി അടുത്തിടെ ആരംഭിച്ചു.ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 500 തദ്ദേശ സ്ഥാപനങ്ങൾക്കാണ് തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നത്.നാളികേരവും അനുബന്ധ ഉത്പന്നങ്ങളുമായി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണവും ഇതു വഴിപ്രതീക്ഷിക്കപ്പെടുന്നുണ്ട്.
പ്രധാന വെല്ലുവിളികൾ
നാളികേര കൃഷിയുടെ വിസ്തൃതി കുറവ്
തെങ്ങിനെ ബാധിക്കുന്ന രോഗകീട ബാധകൾ
തൊഴിലാളികളുടെ ദൗർലഭ്യം
ഉയർന്ന കൂലിച്ചെലവ്
ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകളുടെ വർദ്ധന
സർക്കാർ പ്രഖ്യാപിക്കുന്ന കേരഗ്രാമം പോലുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഫീൽഡ് വിസിറ്റ് നടത്തുകയോ ,തെങ്ങുകൾക്കുണ്ടാകുന്ന രോഗങ്ങൾ യഥാസമയം കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനോ തയ്യാറാകുന്നില്ല.
സി.ബാബു,കേരകർഷകൻ
നെടുമങ്ങാട്
ചൂട് കൂടിയതോടെ കരിക്കിന് ആവശ്യക്കാർ കൂടി. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കരിക്ക് എത്തിക്കുന്നുണ്ട്. രണ്ട് ദിവസത്തിലൊരിക്കൽ 500 കരിക്കുകൾ വീതമാണ് കൊണ്ടുവരുന്നത് - മണിക്കുട്ടൻ, ഓമന