cpm

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ തുടർ പ്രക്ഷോഭങ്ങളിൽ സഹകരിക്കാൻ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും ഉൾപ്പെടെ സി.പി.എം വീണ്ടും ക്ഷണിക്കുന്നു. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒരു പോലെ തുറന്ന് കാട്ടി ഒറ്റപ്പെടുത്തണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ 18ന് ഓരോ നിയോജകമണ്ഡലത്തിലെയും ഓരോ കേന്ദ്രസർക്കാർ ഓഫീസിലേക്ക് ഇടതുമുന്നണി മാർച്ച് നടത്തും. ദേശീയതലത്തിൽ മാർച്ച് 23ന് ഭഗത്‌സിംഗ്, രാജഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും. മാർച്ച് 15വരെ വാർഡ്തലങ്ങളിൽ ഭരണഘടനാസംരക്ഷണ സദസ്സുകളും ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കും.

സംസ്ഥാനത്ത് കേന്ദ്ര മന്ത്രിമാരടക്കം നേതൃത്വം നൽകിയ ഗൃഹസന്ദർശനം വഴി ആർ.എസ്.എസ് വർഗീയപ്രചാരണം ശക്തിപ്പെടുത്തുകയാണ്. ഇസ്ലാം മതത്തിലെ മതമൗലികവാദികൾ മറുവശത്തും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് ആർ.എസ്.എസിന് എരിതീയിൽ എണ്ണയൊഴിച്ച് കൊടുക്കലാണ്. ഇടതുപക്ഷത്തിനൊപ്പം മുമ്പ് നിന്നിട്ടില്ലാത്ത ഇ.കെ.സുന്നി, കാന്തപുരം, മുജാഹിദ്, വിവിധ ക്രൈസ്തവസഭാവിഭാഗങ്ങൾ എന്നിവരെല്ലാം മനുഷ്യശൃംഖലയോട് സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം എൽ.ഡി.എഫായി എന്നർത്ഥമില്ല. എല്ലാവരെയും ചേർത്തുള്ള വിശാലവേദിയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

തദ്ദേശ രഞ്ഞെടുപ്പിന് കമ്മിഷൻ ഏത് വോട്ടർപട്ടിക അടിസ്ഥാനമാക്കിയാലും പാർട്ടിക്ക് എതിർപ്പില്ല. തിരഞ്ഞെടുപ്പിനായി ബൂത്ത്, വാർഡ്തല കമ്മിറ്റികൾ രൂപീകരിക്കുന്നതടക്കമുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാനസമിതി അംഗങ്ങൾ മുതൽ ഏരിയാസെക്രട്ടറിമാർ വരെയുള്ളവരെ പങ്കെടുപ്പിച്ചുള്ള ഏകദിന ശില്പശാല 25ന് നടത്തും.