തിരുവനന്തപുരം: ജഗതി രാജീവ് ഗാന്ധി സെന്റർ ഫോ‌ർ ബയോ ടെക്നോളജിയിലുണ്ടായ തീപിടിത്തത്തിൽ കാൻസർ റിസർച്ച് ലാബ് ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. അവധി ദിവസമായതിനാൽ ആളപായമുണ്ടായില്ല. ലാബിലെ കെമിക്കലുകളും സാമ്പിളുകളും സൂക്ഷിക്കുന്ന അഞ്ച് റെഫ്രിജറേറ്ററുകൾ പൂർണമായി കത്തിനശിച്ചു. രാവിലെ ഫയർ അലാറംകേട്ടാണ് സുരക്ഷാ ജീവനക്കാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. ചെങ്കൽച്ചൂളയിൽ നിന്നും യൂണിറ്റ് എത്തുമ്പോഴേക്കും സുരക്ഷാ ജീവനക്കാർ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. കെമിക്കലും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നതിനാൽ കെട്ടിടത്തിലെ തീകെടുത്താനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫയർഫോഴ്സ് അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത്. സീലീംഗിൽ തീ പടർന്നെങ്കിലും ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കുകയായിരുന്നു. പുക നിറഞ്ഞ ലാബിൽ ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടായതോടെ ഉദ്യോഗസ്ഥർ ബ്രീത്തിംഗ് മാസ്‌ക് ധരിച്ചിരുന്നു. നഷ്ടം സംഭവിച്ച കണക്കെടുക്കുന്നതായി സെന്റർ അധികൃതർ അറിയിച്ചു.