വെഞ്ഞാറമൂട്: ഒരു വിദ്യാർത്ഥിക്ക് ഒരു തുണി സഞ്ചി എന്ന ലക്ഷ്യത്തോടെ ജനതാ ഹയർ സെക്കൻഡറി സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഒരുങ്ങുകയാണ് എൻ.എസ്.എസ് വോളണ്ടിയർമാർ. തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തു കൊണ്ട് ഇതിന്റെ ആദ്യഘട്ടത്തിന് അവർ തുടക്കം കുറിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ നാസർ പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയതെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനോദ് ഡി.നായർ പറഞ്ഞു. അദ്ധ്യാപകരായ എം. സുൽഫി, പ്രദീപ് നാരായണൻ എന്നിവർ പങ്കെടുത്തു.പ്ലാസ്റ്റിക് നിയന്ത്രണം ചെറുക്കുക എന്നതിനൊപ്പം വോളണ്ടിയർ മാർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് കൂടി സഹായകരമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.