കിളിമാനൂർ: രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും അഞ്ചലാപ്പീസായി പ്രൗഢിയിൽ കഴിഞ്ഞിരുന്ന വാമനപുരം പോസ്റ്റാഫീസ് കെട്ടിടവും വസ്തുവും കാടുകയറി നശിക്കുമ്പോഴും നിലവിൽ പോസ്റ്റാഫീസ് പ്രവർത്തിക്കുന്നത് സൗകര്യം കുറഞ്ഞ വാടകകെട്ടിടത്തിൽ.
നാല് പതിറ്റാണ്ടു മുമ്പ് ചരിത്രമുറങ്ങുന്ന കെട്ടിടം പൊളിച്ചുമാറ്റി പോസ്റ്റ് മാസ്റ്റർക്കും കുടുംബത്തിനും താമസ സൗകര്യമൊരുക്കി പോസ്റ്റൽ വകുപ്പ് തപാലാഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുകയായിരുന്നു. 1977 ഫെബ്രുവരി 3ന് ഇവിടെ തപാലാഫീസ് പ്രവർത്തനവും തുടങ്ങി. ഇതിനിടയിൽ വാമനപുരം ആഫീസിനെ പുളിമാത്ത് തപാലാഫീസുമായി ലയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് അധികൃതർ പിൻവാങ്ങി.
ഒന്നര പതിറ്റാണ്ട് മുൻപ് എം.സി. റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ ഒരു ഭാഗം ഉൾപ്പെടെ 13.75 സെന്റ് വസ്തു കെ.എസ്.ടി.പി ക്ക് വിട്ടുകൊടുത്ത്, കെട്ടിടം ഭാഗികമായി കെട്ടിടം പൊളിച്ചു നീക്കിയതോടെ പോസ്റ്റാഫീസ് അടുത്തുള്ള ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും പോസ്റ്റൽ വകുപ്പ് ഇവിടെ കെട്ടിടം നിർമ്മിക്കുന്നില്ലെന്നാണ് വ്യാപകമായ ആക്ഷേപം.