പാറശാല: പാലിനൊപ്പം വിഷരഹിത പച്ചക്കറിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ' മിൽമ ഹരിത പച്ചക്കറി ' വ്യാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ പഞ്ചായത്തിൽ തുടക്കമായി. ഹരിത പച്ചക്കറി പദ്ധതിയുടെ ആദ്യപടിയായ വിത്ത് നടീൽ കർമ്മത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കുളത്തൂർ കോട്ടയ്ക്കകം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ കല്ലട രമേശ് നിർവഹിച്ചു. യൂണിയൻ ഡയറക്ടർമാരായ എസ്. അയ്യപ്പൻ നായർ, ഗിരീഷ് കുമാർ, ടി. സുശീല, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹകരണ സംഘം പ്രസിഡന്റുമായ കെ. സന്തോഷ് കുമാർ, കൺവീനർ ഡി. വിജയൻ, മിൽമ പി ആൻഡ് ഐ ഉദ്യോഗസ്ഥരായ ഡോ. ശ്രീജിത്ത്, മുരളീധരൻ, സീനിയർ സൂപ്പർവൈസർ അനില എന്നിവർ പങ്കെടുത്തു. ക്ഷീര കർഷകർക്ക് അധിക വരുമാനം ഉറപ്പ് വരുത്തുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ കല്ലട രമേശ് പറഞ്ഞു. അതിനായി തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കർഷക സംഘങ്ങളിലെ കർഷക കൂട്ടായ്മകളിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് 'ഹരിത മിൽമ ' വിപണി കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നതാണ്പദ്ധതി.