തിരുവനന്തപുരം: പൊലീസ് നവീകരണ ഫണ്ട് വകമാറ്റിയതും, ആയുധങ്ങളും വെടിയുണ്ടകളും കാണാതായതും സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാൽ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആവശ്യം സി.പി.എം തള്ളി. സി.എ.ജിയുടെ കണ്ടെത്തൽ അഴിമതിയല്ല, ഫണ്ട് വകമാറ്റി ചെലവഴിച്ച പ്രശ്നമാണ്. ആരെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പറഞ്ഞിട്ടില്ല.
വെടിയുണ്ട കാണാതാവുന്നത്
അസാധാരണമല്ല:കോടിയേരി
പൊലീസിൽ വെടിയുണ്ട കാണാതാവുന്നത് അസാധാരണമല്ലെന്നും, താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.തിരക്കിട്ട നീക്കങ്ങൾക്കിടയിൽ പലപ്പോഴും സംഭവിക്കുന്നതാണ്. അത് സി.എ.ജി പരിശോധിക്കേണ്ടതാണ്.
സി.ബി.ഐ, എൻ.ഐ.എ അന്വേഷണങ്ങൾ പ്രതിപക്ഷം ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ, കേരളത്തിലെ കോൺഗ്രസുകാർക്ക് ഇപ്പോൾ സി.ബി.ഐയെ വലിയ ഇഷ്ടമാണെന്നായിരുന്നു മറുപടി
ഡി.ജി.പി ലോകനാഥ് ബെഹ്റ പാർട്ടിയുടെ വിശ്വസ്തനാണോ എന്ന ചോദ്യത്തിന്, പാർട്ടിയുടെ വിശ്വാസം നോക്കിയല്ല, സർക്കാരിന് വിശ്വാസമുള്ളവരെയാണ് പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. സി.എ.ജി റിപ്പോർട്ടിൽ എൽ.ഡി.എഫ് ഭരണകാലത്തെ കാര്യങ്ങൾ മാത്രമല്ല, 2013 മുതൽ 2018 വരെയുള്ള പ്രവർത്തനങ്ങളാണ്. ഈ കാലയളവിൽ നാല് ഡി.ജി.പിമാർ പൊലീസ് മേധാവികളായിട്ടുണ്ട്.
സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പ് പുറത്തായി. സഭയിൽത്തന്നെ ചിലർ ഇതിലെ വിഷയങ്ങൾ ഉന്നയിച്ചു. എവിടെ നിന്ന് ചോർന്നെന്ന് സി.എ.ജി പരിശോധിക്കണം. സി.എ.ജിയിൽ നിന്നാണെങ്കിൽ നിയമസഭയുടെ അവകാശങ്ങളെ ബാധിക്കുന്നതാണ്. അക്കൗണ്ടന്റ് ജനറൽ ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞ് വാർത്താസമ്മേളനത്തിലൂടെ കുറ്റാരോപണം നടത്തുന്നത് അസാധാരണമാണ്. വെടിയുണ്ട കാണാതായ കേസിലെ പ്രതിയായതിന്റെ പേരിൽ മന്ത്രിയുടെ ഗൺമാനെ ഒഴിവാക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.