feb16

അയൽക്കാരും വിവാഹിതരുമാണ് ഇരുവരും

 സംഭവം ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: അയൽക്കാരും വിവാഹിതരുമായ യുവതിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കടുവയിൽ കൃഷ്ണവിലാസത്തിൽ ചന്ദ്രൻ പിള്ള- പ്രസന്ന ദമ്പതികളുടെ മകൾ ശാന്തികൃഷ്ണ (36)​,​കടുവയിൽ മണിമന്ദിരത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായർ- രാധാമണി അമ്മ ദമ്പതികളുടെ മകൻ സന്തോ‌ഷ്‌ കുമാർ എന്നു വിളിക്കുന്ന കെ.ഷിനു (38)​ എന്നിവരാണ് മരിച്ചത്.

റോഡ് റോളർ ഡ്രൈവറായ ഷിനുവിനെ കുടുംബവീടിനടുത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ അടുക്കളയോടു ചേർന്ന ഷീറ്റിട്ട മുറിയിലെ കഴുക്കോലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശാന്തികൃഷ്ണയുടെ മൃതദേഹം ഇവർ താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ ഷാൾ കഴുത്തിൽ കുരുക്കിയ നിലയിലായിരുന്നു.

കിഴുവിലം പഞ്ചായത്ത് സി.ഡി.എസ് അംഗം കൂടിയായ ശാന്തികൃഷ്ണയുടെ ഭർത്താവ് ബിജു ഗൾഫിലാണ്. ഇവരും രണ്ടു കുട്ടികളും വാടകയ്ക്കു താമസിക്കുന്ന ശാന്താ മന്ദിരത്തിനു തൊട്ടു താഴെയാണ് ഷിനുവിന്റെ വീട്. ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയ ശേഷം ഷിനു ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ 11.30ഓടെ ഷിനു തിടുക്കത്തിൽ കുടുംബവീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് അമ്മ രാധാമണി കണ്ടിരുന്നു. അല്പം കഴിഞ്ഞ് പുതുതായി പണിനടക്കുന്ന വീട്ടിലെത്തി ഷിനുവിനെ തിരക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഓടിയെത്തിയ നാട്ടുകാർ കയർ അറുത്ത് ഷിനുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബഹളം കേട്ട് ഓടിയെത്തിയവരിൽ ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നയുമുണ്ടായിരുന്നു. ഇവർ തിരികെ വീട്ടിലേക്കു പോകുംവഴി മകളുടെ വീട്ടിൽ കയറിയപ്പോഴാണ് കിടപ്പുമുറിയിൽ ശാന്തികൃഷ്ണയെ ഷാൾ കഴുത്തിൽ കുരുക്കിയ നിലയിൽ കണ്ടെത്തിയത്. ഈ സമയം കുട്ടികളായ അഭിഷേകും (8)​,​ ആദിത്യയും (6)​ പഠിക്കാൻ പോയിരിക്കുകയായിരുന്നു.

പ്രസന്നയുടെ നിലവിളി കേട്ടെത്തിയവർ ശാന്തികൃഷ്ണയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഷിനുവും ശാന്തികൃഷ്ണയും നേരത്ത പ്രണയബദ്ധരായിരുന്നതായി പൊലീസ് പറയുന്നു. ഇരുവീട്ടുകാരും ഇത് വിലക്കിയതിനെ തുടർന്നാണ് ശാന്തികൃഷ്ണയെ ബിജുകുമാർ വിവാഹം ചെയ്തത്. അതിനു ശേഷം ഷിനു പ്രണയിച്ചു തന്നെയാണ് വിജിതയെ വിവാഹം കഴിച്ചത്. ഇവർക്ക് മിലൻ കൃഷ്ണ (7)​,​ മയൂഖ കൃഷ്ണ (2)​ എന്നീ മക്കളുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു. തിരുവനനന്തപുരം റൂറൽ എസ്.പി. ബി.അശോകൻ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബി, സി.ഐ. വി.വി.ദിപിൻ, എസ്.ഐ. സനോജ് എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.