തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ അതീവ ഗുരുതരമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സി.എ.ജി റിപ്പോർട്ട് നിസ്സാരവത്കരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ശ്രമിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു..
കോടികൾ ചോർന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കുറ്റവാളികൾക്കെതിരേ ശക്തമായി നടപടിയെടുക്കണമെന്ന് സർക്കാരിനോട് പാർട്ടി ആവശ്യപ്പെടുമെന്നാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. സി.സി ടി.വി ഉപയോഗിച്ചുള്ള സിംസ് പദ്ധതിയുടെ കരാർ ലഭിച്ച ഗാലക്‌സോൺ കമ്പനിയുടെ പ്രവൃത്തി പരിചയം ഗൾഫിലാണ്. ഗൾഫുമായി അടുത്ത ബന്ധമുള്ളവർ വഴിയാണ് പദ്ധതി പൊലീസിലെത്തിയതെന്നും പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്നും സൂചനയുണ്ട്. ഇടപാടിൽ പാർട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തത് കൊണ്ടാണ് അഴിമതിയെ വെള്ള പൂശുന്നത്.
സി.എ.ജി റിപ്പോർട്ടിൽ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടുപിടുത്തം വിചിത്രമാണ്. അനുമതിയില്ലാതെ ഉന്നതോദ്യോഗസ്ഥർക്ക് 41 കാറുകൾ വാങ്ങിയതും ഫണ്ട് വക മാറ്റി അവർക്ക് വില്ലകൾ പണിതതും ഗാലക്‌സോൺ കമ്പനിക്ക് വഴിവിട്ട് കരാർ നല്കിയതുമടക്കം നിരവധി അഴിമതിക്കഥളാണ് റിപ്പോർട്ടിലുള്ളത്. 25 ഇൻസാസ് റൈഫിളും 12061 വെടിയുണ്ടകളും കാണാതായത് അതീവ ഗുരുതമായ സുരക്ഷാപ്രശ്നമാണ്.
യു.എ.പി.എ കേസിൽ അലനും താഹയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമാണെങ്കിൽ പിന്നെന്തിനാണ് ഈ കേസ് എൻ.ഐ.എ തിരികെ നല്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയത്? എസ്.ഡി.പി.ഐക്കെതിരേ രംഗത്തു വന്ന സി.പി.എം, അഞ്ച് പഞ്ചാത്തുകളിൽ അവരോടൊപ്പം ഭരണം പങ്കിടുന്നുവെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.