ആറ്റിങ്ങൽ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമ്പൂർണ നീന്തൽ സാക്ഷരത പദ്ധതി ഏറ്റെടുക്കാൻ ആറ്റിങ്ങൽ നഗരസഭ കാണിച്ച ആർജ്ജവം അംഗീകരിക്കേണ്ടതു തന്നെയെന്നും , സമൂഹ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ആറ്റിങ്ങൽ നഗരസഭയുടെ പദ്ധതികളാണ് പിന്നീട് സംസ്ഥാന സർക്കാർ പദ്ധതികളായി രൂപപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്ന നീന്തൽ പരിശീലനം നടപ്പാക്കുക വഴി ആറ്റിങ്ങൽ രാജ്യത്തിനു മാതൃകയാണ്. അവനവഞ്ചരി ഗവ. ഹൈസ്കൂളിനെ സമ്പൂർണ നീന്തൽ സാക്ഷര വിദ്യാലയമായി പ്രഖ്യാപിച്ച് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. റുഖൈനത്ത്, അവനവഞ്ചേരി രാജു, കൗൺസിലർമാരായ ഗീതാകുമാരി, ശോഭനകുമാരി, നഗരസഭാ സെക്രട്ടറി എസ്.വിശ്വനാഥൻ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി. ബേബി, പി.ടി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ. മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, പി.ടി.എ.വൈസ് പ്രസിഡന്റ് കെ. ശ്രീകുമാർ, എസ്. മുരളീധരൻ, ടി.ടി. അനിലാറാണി, ഉണ്ണിത്താൻ രജനി, കെ. മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാനേയും നീന്തൽ പരിശീലകരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. വിജയകരമായി നീന്തൽ പരിശീനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.