തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഡിസ്‌പോസിബിൾ വസ്‌തുക്കളുടെ നിരോധനം ജില്ലയിലെ മുഴുവൻ ആഡിറ്റോറിയങ്ങളിലും പാലിക്കുമെന്ന് ആഡിറ്റോറിയം ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (എ.ഒ.ഡബ്ളിയു.എ ) ജില്ലാ യോഗം തീരുമാനിച്ചു. വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും തീരുമാനം നടപ്പാക്കാൻ വീട്ടുകാരും കാറ്ററിംഗ് ഉടമകളും സഹകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിച്ച് നിയമ നടപടികൾ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പൗഡിക്കോണം ജഗന്യ ആഡിറ്റോറിയത്തിൽ പ്രസിഡന്റ് ആനന്ദ് കണ്ണശയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി മോഹനൻ നായർ, വൈസ് പ്രസിഡന്റ് ജഗന്യ ജയകുമാർ, സംസ്ഥാന ഭാരവാഹികളായ രാജമൗലി, ശ്യാംരാജ്, കെ.ജി.കെ.പി സുരേഷ്, ട്രഷറർ ബിജുരാജ് എന്നിവർ സംസാരിച്ചു.