ആറ്റിങ്ങൽ: അയൽക്കാരും വിവാഹിതരുമായ യുവതിയും യുവാവും ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് ആറ്റിങ്ങൽ കടുവയിൽ ഗ്രാമം. കടുവയിൽ ശാന്താ മന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാറിന്റെ ഭാര്യ ശാന്തി കൃഷ്ണയുടെയും (36)​ ഇവരുടെ വീടിന് സമീപള്ള മണിമന്ദിരത്തിൽ റോഡ് റോളർ ഡ്രൈവർ സന്തോഷ് എന്നു വിളിക്കുന്ന കെ. ഷിനുവിന്റെയും (38)​ മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. സംഭവത്തിന്റെ ഗൗരവം അറിയാതെ പകച്ചു നിൽക്കുകയാണ് രണ്ടു പേരുടേയും പറക്കമുറ്റാത്ത കുട്ടികൾ. ശാന്തികൃഷ്ണയ്ക്ക് എട്ടും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ്. ഷിനുവിന് ഏഴുവയസുള്ള ആൺകുട്ടിയും 2 വയസുള്ള പെൺകുട്ടിയുമാണുള്ളത്. ഷിനുവിന്റെയും ശാന്തികൃഷ്ണയുടേയും വീട്ടുകാർക്ക് നാട്ടുകാരുമായി അത്ര സൗഹൃദമില്ലായിരുന്നു. രാവിലെ 11.30 ഓടെ നടന്ന സംഭവം അപ്പോൾ തന്നെ കാട്ടുതീ പോലെ പടർന്നെങ്കിലും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമാണ് ഈ വീടുകളിലാണ് സംഭവം നടന്നതെന്ന് പലർക്കും മനസിലായത്. ഷിനുവിനെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്വന്തം വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ആദ്യം കണ്ടത് മാതാവ് രാധാമണിയാണ്. ഈ സംഭവം അറിഞ്ഞ് ശാന്തി കൃഷ്ണയുടെ മാതാവ് പ്രസന്ന കുമാരിയും ഓടിയെത്തി. പന്തികേട് തോന്നി അവർ മകൾ താമസിക്കുന്ന വീട്ടിൽ കയറി നോക്കിയപ്പോൾ ശാന്തികൃഷ്ണ ബെഡ്‌റൂമിലെ കട്ടിലിൽ ഷാൾ കഴുത്തിൽ മുറുകിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്. നേരത്തേ പ്രണയത്തിലായിരുന്ന ഷിനുവും ശാന്തികൃഷ്ണയും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വേറെ വിവാഹം കഴിച്ചശേഷവും തങ്ങളുടെ ബന്ധം തുടരുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ശാന്തിക‌ൃഷ്ണയും ഷിനുവും ദീർഘനേരം സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. അതേസമയം ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണമറിയാതെ വിഷമിക്കുകയാണ് പൊലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നശേഷമേ ശാന്തികൃഷ്ണയുടെ മരണം കൊലപാതകമാണോയെന്ന് സ്ഥിതീകരിക്കാനാവൂ.