secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എല്ലാ സമരപന്തലുകളും രണ്ടു ദിവസത്തിനകം പൊളിച്ചുമാറ്രണമെന്ന് പൊലീസ്. പന്തലിട്ട് സമരം നടത്തുന്നവ‌ർക്കും പന്തലുടമകൾക്കും കന്റോൺമെന്റ് പൊലീസ് നോട്ടീസ് നൽകി. പൊളിച്ചില്ലെങ്കിൽ കോ‌ർപ്പറഷേന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് പൊളിച്ചു നീക്കേണ്ടിവരുമെന്ന് മുന്നിറിയിപ്പും നൽകി. വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് വാളയാർ കിഡ്സ് ഫോറം നടത്തുന്ന സമരവും ഷഹിൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'എവേക്ക്' സംഘടന നടത്തുന്ന സമരവുമാണ് അനിശ്ചിത കാലമായി തുടരുന്നത്. വാളയാർ ഇരുപതോളം ദിവസമായും ഷഹിൻബാഗ് 14 ദിവസമായും തുടരുന്നുണ്ട്.സ്ഥിരം സമരക്കാരുൾപ്പടെ നിലവിൽ അഞ്ചു സമരങ്ങൾ സെക്രട്ടേറിയറ്റ് പടിക്കലുണ്ട്. ദിവസേന പത്തോളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ഗുരുതര സുരക്ഷാ പ്രശ്നങ്ങളടക്കം ചൂണ്ടികാട്ടിയാണ് പൊലീസിന്റെ നടപടി.

പൊലീസ് പറയുന്നത്

അതീവ സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ഒരു വർഷമായി 10 ദിവസത്തിലധികം പന്തലിട്ട് ഒരു സമരവും ഇവിടെ നടത്താൻ അനുവദിച്ചിട്ടില്ല. ദിവസവും നിരവധി പരാതികളാണ് കാൽനട യാത്രക്കാർ നൽകുന്നത്. ഇൗ മാസം മൂന്ന് അപകടങ്ങളാണ് സമരപന്തലിനു മുന്നിൽ നടന്നത്. സമരം ചെയ്യുന്നവരോട് അത് നിറുത്താൻ ആവശ്യപ്പെടുന്നില്ല. എന്നാൽ അനുമതിയില്ലാതെ പന്തലിട്ട് സമരം ചെയ്യാൻ അനുവദിക്കില്ല. രാപ്പകൽ സമരങ്ങളിൽ ആരൊക്കെ വരുന്നെന്നോ പോകുന്നെന്നോ അറിയാൻ സാധിക്കുന്നില്ല. ഷഹിൻബാഗ്, വാളയാർ സമരസമിതികൾ പന്തലിടാൻ അപേക്ഷ പോലും നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് സി.ഐ എം. അനിൽകുമാ‌ർ പറഞ്ഞു.

പന്തൽ പൊളിച്ചാൽ തെരുവിലിരിക്കും

പന്തൽ പൊളിച്ചാൽ തെരുവിലിരുന്നു സമരം ചെയ്യും. നീതി കിട്ടാതെ ഇവിടം വിട്ടുപോകില്ല. വാളയാറിലെ കുട്ടികൾക്ക് സുരക്ഷ നൽകാൻ പറ്റാത്തവരാണ് സെക്രട്ടേറിയറ്റ് സുരക്ഷയിൽ ആശങ്കപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് അവഗണനയല്ലാതെ ഒന്നും കിട്ടിയില്ലെന്നും വാളയാർ സമരസമിതി വ്യക്തമാക്കി.

‌പൊലീസ് ഉന്നയിക്കുന്ന ഒരു സുരക്ഷാ പ്രശ്നവും ഇവിടെയില്ല. കാൽനടക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാകാതെയാണ് സമരം. ഷഹീൻബാഗ് സമരത്തിൽ ഉറച്ച നിലപാടുള്ള മുഖ്യമന്ത്രി ഇടപെടണം. സമരത്തിനെതിരായ നീക്കങ്ങളിൽ നിന്ന് പൊലീസ് പിന്തിരിയണം - സമരസമിതി