uniform
photo

തിരുവനന്തപുരം: സംസ്ഥാനത്ത സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം അംഗീകാരമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കൈത്തറിയുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി കേരളത്തിലെത്തി യൂണിഫോം പദ്ധതി വിലയിരുത്തിയിരുന്നു.

സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിലൂടെ നെയ്‌ത്തുകാർക്ക് തുടർച്ചയായി ജോലി നൽകാനും മെച്ചപ്പെട്ട കൂലി നൽകാനും കേരളത്തിനായി.കൈത്തറി തൊഴിലാളികൾക്ക് മിനിമം കൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും മികവായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി നടത്തിയ പഠനറിപ്പോർട്ടും കത്തിനൊപ്പമുണ്ട്. കൈത്തറി യൂണിഫോം ധരിക്കുന്നതിൽ 98 ശതമാനം കുട്ടികളും പൂർണ തൃപ്തരാണെന്നും റിപ്പോർട്ടിലുണ്ട്.

മൂന്നു വർഷത്തിനിടെ 15 ലക്ഷം വിദ്യാർത്ഥികൾക്കായി 70 ലക്ഷം മീറ്റർ കൈത്തറിയാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. അടുത്ത അദ്ധ്യയനവർഷം 10 ലക്ഷം വിദ്യാർത്ഥികൾക്ക് യൂണിഫോം തുണി വിതരണം ചെയ്യും. 2020 ഏപ്രിൽ ഒന്നിന് തുടങ്ങി മേയ് 15നു മുമ്പ് വിതരണം പൂർത്തിയാക്കും. സർക്കാർ സ്‌കൂളുകളിൽ ഒന്നു മുതൽ ഏഴു വരെയും എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ നാലു വരെയുമുള്ള 8.45 ലക്ഷം കുട്ടികൾക്കും ഇതേ ക്ലാസുകളിൽ പുതുതായി എത്തുന്ന ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾക്കുമാണ് അടുത്ത അദ്ധ്യയന വർഷം യൂണിഫോം തുണി ലഭ്യമാക്കുക.