കുളത്തൂർ: തൃപ്പാദപുരത്ത് ഓടിട്ട വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മേലെ തൃപ്പാദപുരത്ത് സന്തോഷ് ഭവനിൽ ജ്ഞാന ദീപത്തിന്റെ വീടാണ് ഇന്നലെ രാവിലെ പൂർണമായി കത്തിനശിച്ചത്. ജ്ഞാനദീപം തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോൾ ഇയാൾ പള്ളിയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപയും വീട്ടുപകരണങ്ങളും കത്തിനശിച്ചു. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയർഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമീപ വീടുകളിലേക്ക് തീപടരാതെ നിയന്ത്രിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പി. മധുവിന്റെ നേതൃത്ത്വത്തിൽ ഫയർമാന്മാരായ ബി. സന്തോഷ് കുമാർ, ആർ. അരുൺകുമാർ, എസ്. അനിൽകുമാർ, ഡി. പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.