തിരുവനന്തപുരം : നൂതന വിദ്യകൾ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് പ്രശ്നപരിഹാരത്തിന് അവസരമൊരുന്ന ഹാക്കത്തോൺ കേരളം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും നടപ്പാക്കുന്ന ആദ്യത്തെ റീബൂട്ട് കേരള ഹാക്കത്തോണിന്റെ സമാപന സമ്മേളനം തിരുവനന്തപുരം എൽ.ബി.എസ് ടെക്നോളജി ഫോർ വിമെനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലോചിതമാറ്റങ്ങൾക്കുനസരിച്ചു മത്സരക്ഷമത നിലനിറുത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നതിനൊപ്പം സർക്കാർ വകുപ്പുകൾക്ക് മികച്ച ആശയങ്ങൾ ലഭ്യമാകുകയും ചെയ്യുന്നതാണ് ഹാക്കത്തോണെന്ന് അദ്ദേഹം പറഞ്ഞു.
മത്സരിച്ച 26 ടീമുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മൂന്നു ടീമുകൾക്ക് മുഖ്യമന്ത്രി പുരസ്കാരം കൈമാറി. ആഭ്യന്തര വകുപ്പിലെയും ടൂറിസം വകുപ്പിലെയും വിഷയങ്ങൾ ആധാരമാക്കിയ ഹാക്കത്തോണിൽ യഥാക്രമം കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം അമൽ ജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം അമൃത വിശ്വവിദ്യാപീഠം എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആഭ്യന്തരവകുപ്പിന് നുണപരിശോധനയ്ക്ക് ഉപയോഗിക്കാവുന്ന മികച്ച ആശയത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത് . തുടർന്നുള്ള ആഴ്ചകളിൽ വിവിധജില്ലകളിലായി ഒൻപതു ഹാക്കത്തോണുകൾ കൂടി നടക്കും.