തിരുവനന്തപുരം: സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന. ഇവർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
സംഭവം വിവാദമായതിനെ തുടർന്ന്, ആയുധങ്ങൾ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഉന്നതർ ഉൾപ്പെടുന്ന സംഭവങ്ങളിൽ സാധാരണ പൊലീസുകാരെ ഇരകളാക്കുന്നതിനെതിരെ സേനയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് പങ്കുള്ള ഓഫീസർമാരെയും കണ്ടെത്താൻ തീരുമാനിച്ചത്.
ക്രൈബ്രാഞ്ച് പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തും. എസ്.എ.പി ക്യാമ്പിൽ നിന്ന് വിവിധ ബറ്റാലിയനുകളിലും യൂണിറ്റുകളിലും വിതരണം ചെയ്ത 660 റൈഫിളുകൾ ഇന്നു രാവിലെ എസ്.എ.പി ക്യാമ്പിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. 660 റൈഫിളുകളിൽ 44 എണ്ണം മാത്രമാണ് എസ്.എ.പി ക്യാമ്പിലുണ്ടായിരുന്നത്. എന്നാൽ രജിസ്റ്ററിൽ 69 എണ്ണം ഉണ്ടെന്നു രേഖപ്പെടുത്തിയിരുന്നു. 25 എണ്ണം കാണാനില്ല. ഇവ നന്ദാവനം എ.ആർ ക്യാമ്പിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തു നിന്ന് അറിയിച്ചത്. ബാക്കി വിവിധ ബറ്റാലിയനുകളിലാണ്. എല്ലാ തോക്കിലും നമ്പരുള്ളതിനാൽ കുറവുണ്ടോ എന്ന് അറിയാനാകും.
എസ്.എ.പി ക്യാമ്പിൽ നിന്ന് വൻ പ്രഹരശേഷിയുള്ള. ഇരുപത്തിയഞ്ച് ഇൻസാസ് റൈഫിളുകളും 12,061 വെടിയുണ്ടകളും നഷ്ടപ്പെട്ടെന്നാണു സി.എ.ജി കണ്ടെത്തൽ. തോക്കുകൾ എ.ആർ ക്യാമ്പിൽ നൽകിയെന്ന എസ്.എപി കമൻഡാന്റിന്റെ വാദം സി.എ.ജി തള്ളിയിരുന്നു.