വെഞ്ഞാറമൂട്: കിണറ്റിൽ വീണ യുവതിയെ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ രക്ഷിച്ചു. പുല്ലമ്പാറ നെടുംകൈത ചിലമ്പൊലി കുന്നുംപുറത്ത് വീട്ടിൽ അനിത(28) ആണ് കിണറ്റിലകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി 90 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് കരയ്ക്കെടുക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. വെഞ്ഞാറമൂട് അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി യുവതിയെ കരയ്ക്കെടുക്കുകയുമായിരുന്നു.