കിളിമാനൂർ: ഭിന്നശേഷിക്കാരനായ 19കാരനെ പീഡിപ്പിച്ച കേസിൽ ആട്ടോ ഡ്രൈവർ പിടിയിൽ. കേശവപുരം സ്റ്റാൻഡിലെ ആട്ടോ ഡ്രൈവർ കേശവപുരം തിരുവറ്റൂർ ക്ഷേത്രത്തിനുസമീപം വിഷ്‌ണു ഭവനിൽ വിഷ്‌ണുവാണ് (28) ന​ഗരൂർ പൊലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച വൈകിട്ടോടെ കേശവപുരം ആശുപത്രിക്ക് സമീപത്തെത്തിയ യുവാവിനെ വിഷ്ണു അനുനയിപ്പിച്ച് ആട്ടോയിൽ കയറ്റി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശനായ യുവാവ് കഴിഞ്ഞ ദിവസം കേശവപുരം ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ പരിശോധനയിൽ പീഡനവിവരം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി മെഡിക്കൽ ഓഫീസർ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ന​ഗരൂർ എസ്.ഐ സഹിൽ, ​ഗ്രേഡ് എസ്.ഐ മാരായ സതികുമാർ, അനിൽകുമാർ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.