തിരുവനന്തപുരം: മാലിന്യസംസ്‌കരണ രീതികൾ നടപ്പാക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ചെറുത്തുനില്പിനുകൂടി പ്രാധാന്യം നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാലിന്യരഹിത നഗരങ്ങളുടെ ദേശീയ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹ സദ്യകളിൽ മാലിന്യ സംസ്‌കരണത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് ഭക്ഷണം പാഴാകുന്നത് തടയുന്നതിനാകണമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. മേയർ കെ. ശ്രീകുമാർ, ധനകാര്യ കമ്മിഷൻ ചെയർമാൻ എസ്.എം. വിജയാനന്ദ്, പ്രൊഫ. പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു .
ഇന്ന് ഹോട്ടൽ സൗത്ത് പാർക്കിൽ നടക്കുന്ന പ്ലീനറി സെഷനോടെ സമ്മേളനം സമാപിക്കും. രാവിലെ 9.30ന് മാലിന്യരഹിത നഗരങ്ങളുടെ നെറ്റ് വർക്കിംഗ് നടക്കും. തുടർന്ന് തിരുവനന്തപുരം ഡിക്ലറേഷൻ പ്രസന്റേഷൻ. 11.30ന് മന്ത്രി എ.സി. മൊയ്തീൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർ പേഴ്സൺ ഡോ. ടി.എൻ. സീമ അദ്ധ്യക്ഷത വഹിക്കും.