joshna-chinappa

കാഴ്ചയിലും കളിക്കളത്തിലും ഇപ്പോഴും ഒരു പതിനെട്ടുകാരിയുടെ ചെറുപ്പമാണ് ജോഷ്‌ന ചിന്നപ്പയ്ക്ക്. പക്ഷേ തന്റെ 33-ാം വയസിൽ പതിനെട്ടാമത്തെ ദേശീയ ചാമ്പ്യൻഷിപ്പ് കിരീടവുമായി ജോഷ‌്‌ന നിൽക്കുമ്പോൾ ക്രിക്കറ്റിൽ സച്ചിനെപ്പോലെ, ടെന്നിസിൽ ലിയാൻഡർ പെയ്സിനെയും സാനിയയെയും പോലെ സ്ക്വാഷ് എന്ന കായിക ഇനത്തിലെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രായം തളർത്താത്ത പോരാളിയെന്ന വിശേഷണം ജോഷ്‌നയ്ക്ക് നൽകാതെ വയ്യ.

2000ത്തിൽ തന്റെ ആദ്യ ദേശീയ കിരീടം സ്വന്തമാക്കുമ്പോൾ ജോഷ്‌നയ്ക്ക് പ്രായം 14. കഴിഞ്ഞ രാത്രി തൻവി ഖന്നയെ ഫൈനലിൽ കീഴടക്കിയാണ് പതിനെട്ടാമത്തെ കിരീടം അവർ ശിരസിലണിഞ്ഞത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദേശീയ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ജോഷ്‌ന തോറ്റത് രണ്ടേ രണ്ട് മത്സരങ്ങളിൽ, അതും ഫൈനലുകളിൽ.

ഏറ്റവും കൂടുതൽ തവണ ദേശീയ വനിതാ സ്ക്വാഷ് ചാമ്പ്യനായ താരമെന്ന ഭുവനേശ്വരി കുമാരിയുടെ 27 വർഷം പഴക്കമുള്ള റെക്കാഡ് കഴിഞ്ഞ വർഷമേ ജോഷ്‌ന തകർത്തിരുന്നു.

ജനിച്ചതും വളർന്നതും സ്ക്വാഷ് പരിശീലനം തുടങ്ങിയതും ചെന്നൈയിലാണെങ്കിലും ജോഷ്‌നയുടെ കുടുംബ വേരുകൾ കർണാടകത്തിലെ കുടകിലാണ്. തെളിച്ചു പറഞ്ഞാൽ ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ കുടുംബത്തിലെ ഇളമുറക്കാരിയാണ് ജോഷ്ന. പെരുമാറ്റത്തിൽ ഇപ്പോഴും കുടകുകാരിയുടെ കുലീനതയും ജോഷ്നയ്ക്ക് സ്വന്തം.

നാലു തലമുറകൾക്ക് മുമ്പേ സ്ക്വാഷിൽ കേമൻമാരാണ് കരിയപ്പ കുടുംബം. ജോഷ്‌നയുടെ അപ്പൂപ്പനും അച്ഛനും ദേശീയ തലത്തിൽ തമിഴ് നാടിനെ പ്രതിനിധീകരിച്ചവരാണ്.

2003 ലാണ് പ്രൊഫഷണൽ സ്ക്വാഷ് സർക്യൂട്ടിലേക്ക് ജോഷ്‌ന എത്തുന്നത്. ആ വർഷം അണ്ടർ 19 വിഭാഗത്തിൽ ബ്രിട്ടീഷ് സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യനെന്ന റെക്കാഡ് ഇപ്പോഴും ജോഷ്നയുടെ പേരിലാണ്. പ്രൊഫഷണൽ റാങ്കിംഗിൽ ദീപിക പള്ളിക്കലിന് പിന്നാലെ ടോപ് ടെന്നിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരിയും ജോഷ്‌ന തന്നെ. ലോക നിലവാരമുള്ള താരങ്ങളെ സ്പോൺസർ ചെയ്യാൻ ലക്ഷ്മി മിത്തൽ ട്രസ്റ്റ് മുന്നിട്ടിറങ്ങിയപ്പോൾ ആദ്യം പരിഗണിച്ചതും ഈ കുടകുകാരിയെയാണ്.

പ്രൊഫഷണൽ സർക്യൂട്ടിനൊപ്പം ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സാഫ് ഗെയിംസിലുമൊക്കെ ഇന്ത്യയ്ക്കായി സ്വർണമടക്കം നിരവധി മെഡലുകൾ ജോഷ്‌ന വാരിക്കൂട്ടിയിട്ടുണ്ട്. പ്രൊഫഷണൽ സർക്യൂട്ടിനെക്കാൾ രാജ്യത്തിനായി കളിക്കുന്നതാണ് തനിക്കേറെ ഇഷ്ടമെന്ന് ജോഷ്‌ന പറയും. കാരണം മെഡൽ നേടുമ്പോൾ ദേശീയ പതാകയുമേന്തി വിജയമാഘോഷിക്കാം.

'ഉറി' എന്ന സിനിമയിൽ സൈനികരെ ഉത്തേജിപ്പിക്കാൻ 'ഹൗ ഈസ് ദ ജോഷ്' എന്ന് മേലുദ്യോഗസ്ഥൻ ചോദിക്കുമ്പോൾ 'ഹൈ സാർ' എന്ന് പറയുന്ന പട്ടാളക്കാരോളം വീര്യമാണ് കരിയപ്പ കുടുംബത്തിലെ കുട്ടിക്ക്. ആ വീര്യമാണ് ഇപ്പോഴും കോർട്ടിൽ ആവേശത്തോടെ നിറഞ്ഞു നിൽക്കാൻ ജോഷ്‌നയെ പ്രേരിപ്പിക്കുന്നതും.

കരിയർ ഗ്രാഫ്

1986

ചെന്നൈയിൽ ജനനം

1992

ചെന്നൈ ക്രിക്കറ്റ് ക്ളബിലെ സ്ക്വാഷ് കോർട്ടിൽ പരിശീലനം ആരംഭിക്കുന്നു.

2000

ദേശീയ ചാമ്പ്യൻഷിപ്പിലെ ആദ്യ കിരീടം

2003

പ്രൊഫഷണൽ സർക്യൂട്ടിൽ അരങ്ങേറ്റം ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ സ്വർണം

2004

സാഫ് ഗെയിംയിൽ ആദ്യ സ്വർണം

2005

ഏഷ്യൻ ജൂനിയർ കിരീടം, ലോക ജൂനിയർ റണ്ണർ അപ്പ്. ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ കിരീടം

2010

ഏഷ്യൻ ഗെയിംസ് വെങ്കലം

2012

ചെന്നൈ ഓപ്പൺ കിരീടം

2014

കോമൺവെൽത്ത് ഗെയിംസിൽ ഡബിൾസ് സ്വർണം. ഏഷ്യൻ ഗെയിംസിൽ ടീമിനത്തിൽ വെള്ളി. ആദ്യ ഡബ്ളിയു. എസ്.എ കിരീടം

2016

സാഫ് ഗെയിംസ് സിംഗിൾസ് സ്വർണം. പ്രൊഫഷണൽ റാങ്കിംഗിൽ ആദ്യമായി ടോപ് ടെന്നിനുള്ളിൽ

2017

ഏഷ്യൻ സിംഗിൾസ് ചാമ്പ്യൻ

2018

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും വെള്ളി

വേൾഡ് സിരീസ് ഇവന്റിൽ ലോക ഒന്നാം റാങ്കുകാരി നിക്കോൾ ഡേവിഡിനെ ആദ്യമായി അട്ടിമറിച്ചു.

ദീപിക കൂട്ടുകാരിയും എതിരാളിയും

കോർട്ടിൽ ജോഷ്‌നയുടെ ഏറ്റവും വലയി എതിരാളിയും പുറത്ത് ഏറ്റവുമടുത്ത കൂട്ടുകാരിയും മലയാളി താരമായ ദീപിക പള്ളിക്കലാണ്. ജോഷ്‌നയും ദീപികയും ചേർന്നാണ് 2014 ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഡബിൾസിൽ സ്വർണം നേടിയത്. ഇന്ത്യയുടെ സ്ക്വാഷിലെ ആദ്യ കോമൺവെൽത്ത് സ്വർണമായിരുന്നു ഇത്. ഏഷ്യൻ ഗെയിംസുകളിലും സാഫ് ഗെയിംസുകളിലും ഇവർ ഒരു ടീമായി നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

''ഇത്രയും അധികം തവണ ഇന്ത്യൻ ചാമ്പ്യനാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തെ പ്രതിനിധീകരിച്ച് മെഡൽ നേടുന്നതാണ് എന്റെ എപ്പോഴത്തെയും വലിയ സന്തോഷം. ഇനിയും കളിക്കളത്തിൽ തുടരണമെന്നതാണ് ആഗ്രഹം.

ജോഷ്‌ന ചിന്നപ്പ.