ചെന്നൈ : കഴിഞ്ഞ ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി കളിക്കാനായി മാർച്ച് ഒന്നുമുതൽ പരിശീലനത്തിന് ചെന്നൈയിലെത്തും. ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടങ്ങുന്ന പരിശീലന ക്യാമ്പിൽ ധോണിക്കൊപ്പം റെയ്‌ന, അമ്പാട്ടി റായ്ഡു തുടങ്ങിയവരുമുണ്ടാകുമെന്ന് ക്ളബ് വൃത്തങ്ങൾ അറിയിച്ചു.
38 കാരനായ ധോണി ലോകകപ്പ് സെമിയിൽ കിവീസിനോട് തോറ്റശേഷം ഇതുവരെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഇന്ത്യൻ ടീമിലെ തന്റെ ഭാവിയെപ്പറ്റി ധോണി വ്യക്തമായ സൂചനകൾ നൽകിയിട്ടുമില്ല. ഈ വർഷം ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി - 20 ലോകകപ്പിൽ ധോണി കളിക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ധോണിയെ ട്വന്റി - 20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ഇന്ത്യൻ കോച്ച് രവിശാസ്ത്രി മുമ്പ് പറഞ്ഞിരുന്നു.
ആദ്യ മത്സരം മാർച്ച് 29 ന്
ഈ സീസൺ ഐ.പി.എല്ലിന് മാർച്ച് 29 ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടനം മത്സരം.
പ്രാഥമിക ലീഗ് ഘട്ടത്തിന്റെ ഫിക്സ്ചറാണ് ഇന്നലെ പുറത്തുവിട്ടത്.
മേയ് 17 വരെയാണ് ലീഗ് റൗണ്ട് മത്സരങ്ങൾ. മേയ് 24 ന് ഫൈനൽ നടക്കുമെന്ന് ബി.സി.സി.ഐ നേരത്തേ അറിയിച്ചിരുന്നു.
ഇത്തവണ വാരാന്ത്യങ്ങളിൽ ഒരു ദിവസം രണ്ട് മത്സരങ്ങൾ നടക്കുന്ന രീതി കുറച്ചിട്ടുണ്ട്. ശനിയാഴ്ചകളിൽ പതിവുപോലെ രണ്ട് മത്സരങ്ങൾ ഉണ്ടാവില്ല. ആറ് ഞായറാഴ്ചകളിൽ രണ്ട് മത്സരംവീതം നടക്കും.