മുംബയ് : ഈ വർഷാവസാനം നടക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിൽ പിങ്ക് ബാൾ ഉപയോഗിച്ച് ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ കളിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. അടുത്ത വർഷം ആദ്യം നടക്കുന്ന ഇംഗ്ളണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ഒരു ടെസ്റ്റ് മത്സരവും ഡേ ആൻഡ് നൈറ്റ് ആയിരിക്കും. ഇന്നലെ ചേർന്ന ബി.സി.സി.ഐ അപ്പെക്സ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഏറെനാൾ പിങ്ക് ടെസ്റ്റിനോട് മുഖം തിരിച്ചു നിന്ന ഇന്ത്യ ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായ ശേഷമാണ് തീരുമാനം മാറ്റിയത്. ഗാംഗുലിയുടെ ശ്രമഫലമായി ഒക്ടോബറിൽ ബംഗ്ളാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ ആദ്യ പിങ്ക് ബാൾ ടെസ്റ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് വീണ്ടും ഡേ ആൻഡ് നൈറ്റിനിറങ്ങാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഇന്ത്യയുടെ പര്യടനത്തിലും ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനായി ആസ്ട്രേലിയ ശ്രമിച്ചിരുന്നു. ഈ വർഷം ഡിസംബസിലാണ് ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനം തുടങ്ങുന്നത്. അഡ്ലെയ്ഡോ ബ്രിസ്ബേനോ ആകും പിങ്ക് ടെസ്റ്റിന്റെ വേദി.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന അഹമ്മദാബാദിലെ ന്യൂ മോട്ടേറ സ്റ്റേഡിയത്തിലാകും ഇംഗ്ളണ്ടിനെതിരായ പകൽ - രാത്രി ടെസ്റ്റ് മത്സരം.