പഴയങ്ങാടി: എരിപുരം ട്രാഫിക്ക് സർക്കിളിൽ കാറിനു പിന്നിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.30നുണ്ടായ അപകടത്തിൽ ചെറുതാഴം സെന്ററിലെ കിഴിക്കിലോട്ട് പത്മാവതി (65), മകനായ ശ്രീരാജ് (34), ശ്രീരാജിന്റെ ഭാര്യ കെ.കൃഷ്ണപ്രിയ ( 26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ഗവ:മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട കുടുംബം എരിപുരം നാല് റോഡുകൾ കൂടുന്ന ട്രാഫിക്ക് കവലയിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച കാറിനു പിറകിൽ മറ്റൊരു കാർ ഇടിക്കുകയാ യിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ട്രാഫിക്ക് സർക്കിളിലേക്ക് തലകീഴായി മറിഞ്ഞു. കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും സമീപത്തുള്ള ഓട്ടോ തൊഴിലാളികളും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എരിപുരം സർക്കിളിൻ കെ.എസ് ടി.പി.റോഡ് നിർമാണത്തിനായി ലക്ഷങ്ങൾ മുടക്കി ഏറെടുത്ത സ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തി നടത്തുന്നതിനാൽ റോഡിൻറെ വീതി കുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പടം:അപകടത്തിൽപെട്ട് തകർന്ന കാർ.