01

പോത്തൻകോട്: സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അന്തിമഘട്ടത്തിലെത്തിയതോടെ പുത്തൻ ഉണർവുമായി മടവൂർപ്പാറ ടൂറിസം കേന്ദ്രം. ഗ്രേറ്റ് ഇന്ത്യ ടൂറിസം പ്ലാനേഴ്‌സ് ആൻഡ് കൺസൾട്ടന്റ് ഇന്റർനാഷണൽ ഏജൻസി ആസൂത്രണം ചെയ്‌ത പദ്ധതിയുടെ നിർമ്മാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മടവൂർപ്പാറ ഗുഹാക്ഷേത്രത്തിന്റെ ടൂറിസം സോണിലേക്കുള്ള റോഡിന്റെ നിർമ്മാണം ആരംഭിച്ചു. മഹാദേവപുരം - കാട്ടായിക്കോണം - അരിയോട്ടുകോണം റോഡ് പൊട്ടിപ്പൊളിഞ്ഞത് വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇപ്പോൾ ആറുകോടി രൂപ മുടക്കി ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി പദ്ധതി പ്രകാരമാണ് റോഡ് നവീകരണം ആരംഭിച്ചത്. കേരള വിനോദ സഞ്ചാരവകുപ്പ് പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ സംസ്ഥാനതല ഉദഘാടനം ദക്ഷിണേന്ത്യയിലെ പ്രധാന ഗുഹാക്ഷേത്രം ഉൾപ്പെടുന്ന മടവൂർപ്പാറയിൽ നടക്കും.

അന്തിമഘട്ടത്തിൽ ടൂറിസം പദ്ധതി

------------------------------------------------------

രണ്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പദ്ധതിയിൽ അഡ്വെഞ്ചർ സോൺ, ആംബി തിയേറ്റർ, മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ, കഫറ്റീരിയ, ഓപ്പൺ സ്റ്റേജ്, അമിനിറ്റി സെന്റർ, സൂര്യഘടികാരം, കരിങ്കല്ലുപാകിയ നടപ്പാതകൾ, കല്ലിലെ ഇരിപ്പിടങ്ങൾ, യോഗ സെന്റർ, കോട്ടേജുകൾ, ഹരിത കുടിലുകൾ,​ ഓപ്പൺ സ്റ്റേജ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

ആഘോഷപ്പൊലിമയിൽ ഉത്സവ്

------------------------------------------------

കേരള വിനോദ സഞ്ചാരവകുപ്പ് പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന പരിപാടിയായ ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മടവൂർപ്പാറയിൽ മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്യും. 120 ലധികം അനുഷ്ഠാന കലകളും പരമ്പരാഗത കലകളും പുനരുജ്ജീവിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഉടനീളം 28 കേന്ദ്രങ്ങളിലായി ഫെബ്രുവരി 22 മുതൽ 28 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. ഓരോ ജില്ലയിലെയും രണ്ട് കേന്ദ്രങ്ങളിൽ വീതമാണ് ഉത്സവം അരങ്ങേറുന്നത്. തെയ്യം, പടയണി, കാക്കാരിശി നാടകം, അർജുന നൃത്തം, കോൽക്കളി, അറവനമട്ട്, നിണബലി, കളമെഴുത്തും പാട്ടും, പാക്കനാർ തുള്ളൽ, ചവിട്ടുനാടകം, ചരട് പിന്നിക്കളി, സീതകളി, പൊറാട്ടുനാടകം, പൂരക്കളി, ശാസ്‌താംപാട്ട്, തിടമ്പ് നൃത്തം തുടങ്ങിയ കലാരൂപങ്ങൾ ഇരുന്നൂറിലധികം വേദികളിലാണ് അവതരിപ്പിക്കുന്നത്. ഇവിടെയുള്ള ഓപ്പൺ സ്റ്റേജിൽ അരങ്ങേറുന്ന കലാരൂപങ്ങൾ വിശാലമായ പാറപ്പരപ്പിലിരുന്ന് ജനങ്ങൾക്ക് ആസ്വദിക്കാം.

പദ്ധതികളുടെ നിർമ്മാണോദ്ഘാടനം - 2018

 സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 850 അടി

ക്ഷേത്രം നിർമ്മിച്ചത് - എ.ഡി 850ൽ

കൂടുതൽ പദ്ധതികൾ

-------------------------------

4.75 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഏഴുകോടി രൂപ ചെലവിൽ മടവൂർപ്പാറയുടെ നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മ്യൂസിക്കൽ ഫൗണ്ടൻ, ദൂരദർശിനി, ക്ലോക്ക് ടവർ, ആധുനിക ഹട്ടുകൾ, വിശാലമായ പാർക്കിംഗ് എന്നിവ ഉൾപ്പെടെയുളഴ്ള പദ്ധതികൾ ഈ വർഷം തന്നെ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ