പേരാവൂർ: 32-ാമത് സംസ്ഥാന മിനി, സബ് ജൂനിയർ, ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയ്ക്ക് ഓവർ ഓൾ കിരീടം.16 പോയിന്റ് നേടി ജൂനിയർ വിഭാഗത്തിലും 29 പോയിന്റ് സബ് ജൂനിയർ വിഭാഗത്തിലും 27 പോയിന്റ് മിനി വിഭാഗത്തിലും നേടിയാണ് കണ്ണൂർ ഓവർ ഓൾ ചാമ്പ്യന്മാരായത്. മിനി വിഭാഗത്തിൽ ഇടുക്കി 10 പോയിന്റു നേടി രണ്ടാം സ്ഥാനത്തും വയനാട് 9 പോയിന്റും നേടി മൂന്നാം സ്ഥാനത്തുമെത്തി. സബ് ജൂനിയർ വിഭാഗത്തിൽ വയനാടിന് 14 പോയിന്റും പാലക്കാടിന് 6 പോയിന്റും ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ 15 പോയിന്റ് നേടി വയനാട് രണ്ടാം സ്ഥാനത്തും 9 പോയിന്റ് നേടി ഇടുക്കി മൂന്നാം സ്ഥാനത്തുമെത്തി. 14 ജില്ലകളിൽ നിന്നായി 600ൽ അധികം മത്സരാർത്ഥികളാണ് തുണ്ടിയിൽ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആർച്ചറി പരിശീലകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അദ്ധ്യക്ഷത വഹിച്ചു. ഒ.മാത്യു, ഷൈനി ബ്രിട്ടോ, എത്സമ്മ ഡൊമിനിക്, ജൂബിലി ചാക്കോ, ടി.പി. എസ്തപ്പാൻ, തോമസ് കോക്കട്ട് തുടങ്ങിയവർ സംസാരിച്ചു.