bribe

കഴക്കൂട്ടം: തിരുവനന്തപുരം കോർപ്പറേഷന്റെ ആറ്റിപ്ര സോണൽ ഓഫീസ് കൈക്കൂലി കേന്ദ്രമായി മാറിയെന്ന് നാട്ടുകാരുടെ പരാതി. എങ്ങനെ കൈക്കൂലി വാങ്ങാമെന്നും കിട്ടുന്ന പണം പരാതി ഇല്ലാതെ സഹപ്രവർത്തകർക്ക് എങ്ങനെ വീതം വയ്ക്കാമെന്നും ഗവേഷണം നടത്തി വിജയിച്ച ഓഫീസാണത്രേ ആറ്റിപ്ര സോണൽ ഓഫീസ്. ഒരു സർട്ടിഫിക്കറ്റിനായി ആറ്റിപ്ര സോണൽ ഓഫീസിൽ എത്തിക്കഴിഞ്ഞാൽ താഴെ തട്ടുമുതൽ മുകൾതട്ടുവരെ 'വിതരണം' ചെയ്യേണ്ട തുക നിശ്ചയിച്ചിട്ടുണ്ട്.അത് കൃത്യമായി കൊടുക്കണം. ഓരോ മേശപ്പുറത്തും എത്തേണ്ട തുക എത്തിക്കഴിഞ്ഞാലേ ഫയൽ നീക്കത്തിന് പച്ചക്കൊടി ലഭിക്കൂ. ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്ന തുക കിട്ടിയില്ലെങ്കിൽ ഒപ്പ് പതിയില്ല. കെട്ടിട നിർമ്മാണ വിഭാഗത്തിലാണ് അഴിമതിയുടെ ഭീകര രൂപം പൂണ്ടു വിളയാടുന്നത്. സൈറ്റ് ഇൻസ്‌പെക്ഷന് ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് അഴിമതിയുടെ അടുത്ത ഘട്ടം തുടങ്ങുന്നത്. ഉദ്യോഗസ്ഥർ വരുന്ന വാഹനത്തിന്റെ വാടകയോടൊപ്പം നല്ല നാടൻ കോഴിക്കറി കിട്ടുന്ന കടയിലെ ഭക്ഷണവും കിട്ടിയാലേ സർട്ടിഫിക്കറ്റ് കിട്ടൂ. കൊടുക്കേണ്ടത് കൊടുത്തില്ലെങ്കിൽ ടി.സി നമ്പർ കിട്ടാൻ പോലും കുറഞ്ഞത് ഒരു മാസം കയറിയിറങ്ങണം.ആവശ്യക്കാരന് ഔചിത്യമില്ലാത്തതിനാലും നിസഹായരായതിനാലും നാട്ടുകാർ പരസ്യമായി പ്രതികരിക്കാൻ ഭയപ്പെട്ടിരുന്നു. ഇപ്പോൾ വിജിലൻസിനും തദ്ദേശസ്വയംഭരണ വകുപ്പിനും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.