നെയ്യാറ്റിൻകര: മുട്ടക്കോഴി നൽകാൻ പദ്ധതി തയ്യാറാക്കി ലോൺ തട്ടിയെടുത്ത കേസിൽ മാരായമുട്ടം സർവീസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ. 7-ാം പ്രതി വടകര വാസുദേവൻ നായർ, 10-ാം പ്രതി ഐരൂർ ബാബു എന്നിവരാണ് മാരായമുട്ടം പൊലീസിന്റെ പിടിയിലായത്. 2016ലാണ് മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് മുട്ടക്കോഴികൾ നൽകിയത്. കുറച്ചുനാളുകൾക്ക് ശേഷം ബാങ്ക് തന്നെ അവ തിരിച്ചെടുത്തു. മാസങ്ങൾ കഴിഞ്ഞ് കർഷകരുടെ പേരിൽ ജപ്‌തി നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരിൽ ബാദ്ധ്യതയുള്ള വിവരം കർഷകർ അറിയുന്നത്. തുടർന്ന് കർഷകർ ബാങ്ക് ഭരണസമിതിക്കെതിരെ പരാതി നൽകുകയായിരുന്നു. 15 പ്രതികളിൽ 5പേർ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്.