ഇന്ന്
നടരാജഗുരുവിന്റെ
125 -ാം ജന്മവാർഷികം
..............
.
ഗുരുവും ശിഷ്യനും എന്ന നിലയിൽ ശ്രീനാരായണ ഗുരുവും നടരാജ ഗുരുവും പങ്കിട്ട ചില ജീവിത നിമിഷങ്ങളും ഒപ്പം നടരാജ ഗുരുവിന്റെ ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങളും പകർത്തുകയാണിവിടെ.
ഒരു ശിവരാത്രിയുടെ തലേന്നാൾ ആലുവ അദ്വൈതാശ്രമത്തിൽ വിജനമായ മണപ്പുറത്തേക്ക് നോക്കി ഗുരു സ്വാമി ഇരിക്കുന്നു. തൊട്ടടുത്ത് നടരാജഗുരു നിൽക്കുകയാണ്. ശിവനെ ആരാധിക്കുന്നതിന്റെ ഭാഗമായി ദൂരെ നിന്ന് ചെണ്ടമേളം കേൾക്കുന്നുണ്ട്. പൊടുന്നനെ ശ്രീനാരായണ ഗുരു നടരാജ ഗുരുവിനോട് പറഞ്ഞു. ''അവിടെ ആ ചെണ്ടമേളം കേൾക്കുന്നില്ലേ? അത് അടുത്ത കാലത്തൊന്നും തുടങ്ങിയതല്ല. അത് അങ്ങനെ തന്നെയായിരുന്നു എക്കാലത്തും."
[ഒരുപക്ഷേ ഒടുക്കവും തുടക്കവുമില്ലാത്ത അനാദിയായ താളത്തെക്കുറിച്ചാവും ഗുരു സൂചിപ്പിച്ചത്]
ക്രൂരമായ ചില അവഗണനകൾ
''സ്വന്തം പ്രിയപ്പെട്ടവരെക്കാൾ അന്യർക്കാണ് കൂടുതൽ ഉദാരമായി എന്നോട് പെരുമാറാൻ തോന്നിയിട്ടുള്ളത്. അടുത്തവരോടു ഞാൻ നടത്തിയിട്ടുള്ള അതിരു കടന്ന അഭിനിവേശത്തോടുകൂടിയ കുശലാന്വേഷണത്തിനു കിട്ടിയിട്ടുള്ള മറുപടി പലപ്പോഴും ക്രൂരമായ ഒരുതരം അവഗണനയായിരുന്നു. ഇത്തരം ദുഃഖാനുഭവങ്ങൾ എന്റെ ജീവിതത്തിൽ ആകമാനം അവിടവിടെ കാണാം. ഇപ്പോൾ പിന്തിരിഞ്ഞു നോക്കുന്ന ഈ അവസരത്തിൽ ഒരു സന്ദേഹം തോന്നുകയാണ്. എന്റെ തന്നെ ചില പ്രത്യേകതകളല്ലേ ഈ മോശത്തരത്തിന്റെയെല്ലാം അടിയിലുള്ളത്. അതിനാൽ കാര്യമായി എനിക്കാരെയും കുറ്റപ്പെടുത്താനാവില്ല.
ഇവിടെ ഞാൻ ഇത്തരം ചില കാര്യങ്ങൾ പറയുവാൻ മുതിരുന്നെങ്കിൽ, അത് പരിത്യക്തനായ ഒരു മനുഷ്യന്റെ ഏകാന്ത ജീവിതത്തെപ്പറ്റി വായിക്കുന്നവർക്ക് ഈ ഓർമ്മക്കുറിപ്പുകൾ വിലയുള്ളതായിരിക്കും എന്നതുകൊണ്ടു മാത്രമാണ്. എന്നെ വിസ്മൃത കോടിയിൽ തള്ളിക്കളഞ്ഞതിന്റെ രസകരമായ ഒരു ദൃഷ്ടാന്തം ഇതാ. ഗുരു എറണാകുളത്തു പ്രത്യേകമായി വാടകക്കെടുത്ത ഒരു ബംഗ്ളാവിൽ രോഗചികിത്സയ്ക്കായി താമസിക്കുകയാണ്. സന്യാസിമാരും ഗൃഹസ്ഥരുമായ ശിഷ്യന്മാരെല്ലാം അവിടെ കൂടിയിട്ടുണ്ട്. ഞാനും അവിടെ തന്നെയുണ്ട്.
രോഗബാധിതനായി കിടപ്പിലാണെങ്കിലും ഗുരു തന്നെയാണ് അവിടത്തെ തിരക്കുകളുടെയെല്ലാം കേന്ദ്രം. ഇരുപതോളം ഗൃഹസ്ഥ ശിഷ്യന്മാരും അത്രയും തന്നെ സന്യാസി ശിഷ്യന്മാരും ഉണ്ടായിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താമസയോഗ്യമായ ഒരു വഞ്ചിയിൽ കായൽ വഴി കൊല്ലത്തേക്ക് എല്ലാവരെയും കൂട്ടി പുറപ്പെടാനുള്ള ഒരുക്കമായി. ഗൃഹസ്ഥ ശിഷ്യന്മാരുടെയും സന്യാസി ശിഷ്യന്മാരുടെയും പട്ടിക എഴുതിയുണ്ടാക്കി, അവർ മാത്രമേ വഞ്ചിയിൽ കയറേണ്ടൂ എന്നു വിജ്ഞാപനം ചെയ്തു. ദൈവദൂതൻ കാട്ടിക്കൊടുത്ത എഴുത്ത് അബുബെൻ ആഡം വായിക്കുന്നതു പോലെ ഞാൻ വീണ്ടും വീണ്ടും ഈ ലിസ്റ്റ് പരിശോധിച്ചു. എന്റെ പേർ അതിലുണ്ടായിരുന്നില്ല. കടവാതിലിനെപ്പോലെ പക്ഷിയും മൃഗവുമല്ലാത്ത ഞാൻ വിസ്മരിക്കപ്പെട്ടു.
രോഗബാധിതനായ ഗുരുവിനോടൊത്ത് ഇതേ യാത്രയിൽ പാലക്കാട്ടു നിന്നു തിരിക്കുമ്പോഴും ഞാൻ ഇത്തരമൊരു അവഗണനയ്ക്ക് പാത്രമായി. ഗുരുവിന്റെ തന്നെ പണം കൊണ്ട് ശിഷ്യന്മാർ, അനുയായികൾ, പരിചാരകർ വരെയുള്ള അൻപതു പേർക്കോളം ഒന്നും രണ്ടും ക്ളാസുകളിലായി തീവണ്ടി ടിക്കറ്റുകൾ വാങ്ങി. അതിലും ഞാനുൾപ്പെട്ടിരുന്നില്ല.
വിസ്മൃതനായ നേരങ്ങൾ
രണ്ട് ഗൃഹങ്ങളിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഞാൻ പോയിരുന്നു. അവിടെയിരിക്കട്ടെ എന്ന് കരുതിയിട്ടോ മറന്നുപോയിട്ടോ, അതോ പകുതി അറിഞ്ഞുകൊണ്ടു മറന്നിട്ടോ ഞാൻ സന്ദർശകമുറിയിൽത്തന്നെ കാത്തിരിക്കേണ്ടിവന്നു. അതേസമയം ഉള്ളിൽ സദ്യയുടെ കോലാഹലം നടക്കുകയാണ്. ഒടുക്കം എന്നോട് മാപ്പിരന്നു. അതും ആത്മാർത്ഥയില്ലാത്തതെന്നു സ്പഷ്ടമാകത്തക്കവണ്ണം. അതാണെനിക്കു തീരെ സഹിക്കാൻ കഴിയാതെ വന്നത്.
മറ്റൊരിക്കൽ ഒരു നാട്ടിൻപുറത്തെ പ്രമാണിയുടെ വീട്ടിൽ ഒരു ദിവസം ഞാൻ അതിഥിയായിരുന്നു. അതിഥി സൽക്കാരത്തിൽ, വിശേഷിച്ചും സാധുപൂജയിൽ, അദ്ദേഹം പ്രഖ്യാതി നേടിയ ആളായിരുന്നു. എങ്കിലും ഈ വിശേഷഗുണം എന്നെ മറന്നുകളയുന്ന കാര്യത്തിൽ നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിച്ചില്ല. ഇരുപത്തിനാലു മണിക്കൂർ നേരം ആ വീടിന്റെ കൊച്ചുമുറിയിൽ വിസ്മൃതനായി, നിരാഹാരനായി ഞാൻ കഴിച്ചുകൂട്ടി. ഇക്കാര്യം ഒടുക്കം ഓർമ്മയിലെത്തിയ ഗൃഹനാഥൻ, കുടുംബത്തിലുള്ള സകലമാനപേരുമൊത്തു വന്ന് ഒരു വൈരനിര്യാതനബുദ്ധിയോടെ എന്നെ ഉപചരിക്കുകയായി. ഒടുവിൽ അപമാന ബോധത്തോടും തെല്ലൊരു ക്രോധത്തോടും കൂടി മൂപ്പരെന്നോടു പറയുകയാണ്, തന്റെ തറവാട്ടുകാർ അത്ര മോശക്കാരാണെന്ന് കരുതിക്കളയരുതെന്ന്.
ദശരഥന്റെ ശാപം
ഒന്നേ എനിക്ക് ഈ സന്ദർഭത്തിൽ പറയാനാകൂ. ഈ ലോകത്ത് ഏതു തരത്തിലുള്ള അപരതന്ത്രതയ്ക്കും എതിരായി വ്യാപരിക്കുന്ന സൂക്ഷ്മരൂപത്തിലുള്ള ഒരസൂയയുണ്ട്. ശ്രീകൃഷ്ണനോട് അർജ്ജുനന് ഇല്ലാത്തതായി ഭഗവദ്ഗീതയിൽ ഭഗവാൻ പറയുന്ന തരത്തിലുള്ളതാണത്. അപരതന്ത്രതയും പരതന്ത്രതയും ഒരിക്കലും ഒത്തുവാഴുകയില്ല.
വേട്ടയാടുന്ന സമയത്ത് അറിയാതെ ഒരു മുനികുമാരനെ മൃഗമെന്നു തെറ്റിദ്ധരിച്ച് കൊല്ലേണ്ടിവന്ന ദശരഥ മഹാരാജാവിന് ഒരു ശാപമനുഭവിക്കേണ്ടിവന്ന കഥയിലെപ്പോലെ, എന്റെ അന്തക്കരണത്തിലും ഒരപരാധ ബോധമുണ്ട്. പത്തു ദിവസത്തെ അവധിക്കാലത്ത് തീറ്റ കൊടുക്കാതെ ഒരു പ്രാവിനെ സുവോളജി ലബോറട്ടറിയിൽ മറവികൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന തെറ്റാണത്. അന്ധവിശ്വാസങ്ങളുടെയെല്ലാം മറുവശത്ത് ആവശ്യത്തിലധികം പോയി നിന്ന് ചിന്തിക്കുക എന്ന തെറ്റു ചെയ്യാനുള്ള പ്രവണതയാണ് എനിക്കുള്ളതെങ്കിലും, ചിത്തും ജഡവും സന്ധിക്കുന്ന ഈ ലോകത്തിൽ ഈ സമാനതയ്ക്ക് എന്തെങ്കിലും അർത്ഥമുണ്ടാകാനാണ് ഇടയുള്ളത്.
ഗുരുവിനെ പിരിയുന്നു
പല സന്ദർഭങ്ങളിലും ഗുരു എനിക്കു നൽകിയ വിലയേറിയ ജ്ഞാനോപദേശങ്ങളോളം തന്നെ മഹനീയമായൊരു പാഠം ഉപദേശിക്കുന്ന തരത്തിൽ വിടവാങ്ങുന്ന സമയത്തൊരു സംഭാഷണം നടന്നു. ഈ സന്ദർഭം ഗുരുവിനെ പ്രത്യക്ഷത്തിൽ അവസാനമായി കാണുന്നതായിരുന്നു. പാശ്ചാത്യപഠനത്തിനായി പോകുന്നതിനു മുമ്പുള്ള വിടവാങ്ങൽ. ഗുരു എന്റെ കൈയിൽ ഒരു ചുരുൾ കറൻസി നോട്ടുകൾ (1500 രൂപ) തന്നു. അതു ഗുരുവിന്റെ സ്വന്തം കണക്കിലുള്ളതാണെന്നും, ഏതെങ്കിലും സംഘത്തിന്റെയോ സമുദായത്തിന്റെയോ വകയല്ലെന്നും ഗുരു പ്രത്യേകം പ്രസ്താവിച്ചു. അത്തരം ഏതെങ്കിലും സംഘത്തിൽ ഉൾപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതു ഗുരുവിനറിയാമായിരുന്നു. എത്ര കാലമാണു ഞാൻ വിദേശത്ത് കഴിയാൻ പോകുന്നതെന്ന് ഗുരു കനിഞ്ഞെന്നോടു ചോദിച്ചു. 'എട്ടു മാസക്കാലം" എന്നു ഞാൻ ഉത്തരം പറഞ്ഞു. അപ്പോൾ ഗുരു ഉറക്കെ ചിന്തിക്കുന്നതുപോലെ 'നാലുമാസം" എന്നു പറയുകയുണ്ടായി. പിന്നെ ഒരു പ്രസാദമെനിക്കു തരാൻ ആജ്ഞാപിച്ചു. രണ്ടു പരിചാരകർ രണ്ടു പഴം കൊണ്ടുവന്നു. ഒരു മാമ്പഴവും ഒരു മാതളപ്പഴവും. അവ വാങ്ങി എനിക്കു നൽകിക്കൊണ്ട് ഗുരു എന്നെ സമ്പൂർണം അനുഗ്രഹിച്ചാശീർവദിച്ചു. ''യാദൃച്ഛികമായി വന്നുചേർന്ന രണ്ടു പഴം ഇരട്ട വിജയമാണു സൂചിപ്പിക്കുന്നത്" അങ്ങനെ ആ വിടവാങ്ങൽ നടന്നു. ഫലത്തിൽ ആ കൃത്യം ഞങ്ങളെ രണ്ടുപേരെയും മുമ്പത്തെക്കാളെല്ലാം ദൃഢതരമായി കൂട്ടിയിണക്കുകയായിരുന്നു. ഞാൻ മുമ്പത്തെക്കാളെല്ലാം വേർപെടുത്താനാവാത്തവണ്ണം ഗുരുവിന് വേണ്ടി ആത്മാർപ്പണം ചെയ്തു.
വിടവാങ്ങലിന്റെ പ്രതിധ്വനി
ഞാൻ എട്ടുമാസം എന്നു പറഞ്ഞപ്പോൾ ഗുരു എന്തിനാണ് 'നാലുമാസം" എന്ന് പറഞ്ഞത്? ഇതൊരു കീറാമുട്ടിയായി എന്റെ അബോധമനസിനെ വീണ്ടും മഥിച്ചുകൊണ്ടിരുന്നു. ഗുരുവിന്റെ വാക്കുകളിൽ വന്ന നാലുമാസത്തിന്റെ വ്യത്യാസം പിന്നീട് ഞാൻ കണ്ടുപിടിച്ചു. വാക്യത്തിലെ കർത്താവും കർമ്മവും പരസ്പരം മാറ്റിയാൽ മതി. ജ്ഞാനത്തിന്റെ അത്യുന്നത സോപാനത്തിൽ 'ഞാൻ" 'നീ" എന്ന ദ്വൈത ഭാവങ്ങളില്ല. നാലുമാസം കഴിഞ്ഞ് താൻ കഥാവശേഷനാകുമെന്ന് ഗുരു വ്യംഗ്യഭാഷയിൽ പറയുകയായിരുന്നു. [നടരാജ ഗുരു വിദേശത്തേക്ക് പോയി നാലുമാസം കഴിഞ്ഞപ്പോഴാണ് ഗുരു മഹാസമാധിയടഞ്ഞത്]
ഏതായാലും ആ വിടവാങ്ങൽ രംഗത്തെപ്പറ്റി ഇത്രമാത്രമേ എനിക്കു പറയാനുള്ളൂ. കാമുകീകാമുകന്മാർ തമ്മിൽ നിഗൂഢഭാഷയിൽ നടത്തുന്ന ആശയ വിനിമയം അവർ തമ്മിൽ മാത്രമുള്ള ഒരേർപ്പാടാണ്. മറ്റു സൂചിതാർത്ഥങ്ങളൊന്നും കാര്യമാക്കാനില്ല. ഈ സന്ദർഭവും അമ്മാതിരിയുള്ളതല്ല എന്നു പറയാനാവില്ല. ആളുകൾ വരും. പോകും. പതഞ്ഞൊഴുകുന്ന അരുവി അവിരാമം പ്രവഹിച്ചുകൊണ്ടിരിക്കും. സ്വാഭാവികമായ നിരപേക്ഷ നിയോഗത്തിന്റെ ഗതി ഇത്തരത്തിലുള്ളതാണ്.