അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗുജറാത്തിൽ എത്തുമ്പോൾ അത് മഹാസംഭവമാക്കാനുള്ള അവസാനവട്ട തിരക്കാണ് സംസ്ഥാനത്ത്. 24നാണ് ട്രംപ് എത്തുന്നത്. ഒരു രാജ്യതലവനും ഇതുവരെ നൽകിയിട്ടില്ലാത്ത രാജകീയ വരവേൽപ്പിനാണ് ഗുജറാത്ത് ഒരുങ്ങുന്നത്. വെറും മൂന്നുമണിക്കൂർ മാത്രമാണ് ട്രംപ് നഗരത്തിൽ ചെലവഴിക്കുന്നത്. 2014ൽ മോദി അധികാരത്തിമേറ്റതിനുശേഷം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അഹമ്മദാബാദിലും വന്നിട്ടുണ്ട്. എന്നാൽ, അപ്പോഴൊന്നും കാണാത്ത ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
റോഡിനെല്ലാം ആകെ തിളക്കം. ഡിവൈഡറിൽ പാം മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിച്ചു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും അഹമ്മദാബാദ് അർബൻ ഡെവലപ്മെന്റ് അതോറിട്ടിക്കുമാണ് അണിയിച്ചൊരുക്കലിന്റെ ചുമതല. റോഡുകളിലും സ്റ്റേഡിയത്തിലും പൂച്ചെടികളും പാം മരങ്ങളും വച്ചു പിടിപ്പിക്കുന്നതിന് ആറുകോടിയാണ് ചെലവിടുന്നത്. ഒന്നരലക്ഷം ചെടിച്ചട്ടികളാണ് റോഡുവക്കിൽ വച്ചത്. മുന്തിയ ഇനം പൂച്ചെട്ടികൾക്ക് മാത്രം 2 കോടിയോളമാണ് ചെലവ്.
വൃത്തിയുടെ കാര്യമാണെങ്കിൽ...
പുതിക്കിപ്പണിത് കണ്ണാടിപോലെയാക്കിയ റോഡുകളുടെ വൃത്തികണ്ടാൽ ആരും അന്തംവിട്ടുപോകും. ഒരില വീണാൽ അപ്പോൾതന്നെ അതെടുത്തുമാറ്റും. രാവിലെയും വൈകുന്നേരവുമുള്ള വൃത്തിയാക്കൽ മാത്രമല്ല, എപ്പോഴും വൃത്തിയാക്കിയിരിക്കണമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള കർശന നിർദ്ദേശം. നിലവിലെ ശുചീകരണ ജീവനക്കാരെ മാറ്റി പ്രത്യേക ആൾക്കാരെ ഇതിനായി നിയോഗിച്ചു. ഇവരുടെ കാര്യം നോക്കാൻ വേണ്ടി മാത്രം പ്രത്യേകം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
വിമാനത്താവളത്തിൽ നിന്ന് ട്രംപ് ആദ്യം എത്തുന്ന സബർമതി ആശ്രമം മോടിപിടിപ്പിക്കുന്നതും അവസാനഘട്ടത്തിലാണ്. ആശ്രമവളപ്പിലെ വൃക്ഷങ്ങൾ ചായംതേച്ച് മനോഹരമാക്കുന്ന ജോലികളും നടന്നുവരികയാണ്. മരങ്ങളിൽ തേയ്ക്കുന്ന ചായം തിരഞ്ഞെടുത്തത് ആ രംഗത്തെ വിദഗ്ധരുടെ സംഘമാണെന്നാണ് റിപ്പോർട്ട്. ട്രംപാണ് സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്.
ഇൗച്ചപോലും അനങ്ങില്ല
ട്രംപും മോദിയുമായുള്ള റോഡ് ഷോയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ചങ്കിടിപ്പിക്കുന്നത്. റോഡ് ഷോ കടന്നുപോകുന്ന റോഡിനിരുവശവത്തുമായി അമ്പതിനായിരം പേരെയാണ് അണിനിരത്തുന്നത്. റോഡ് ഷോയുടെ സുരക്ഷയ്ക്കുമാത്രം 25 ഐ.പി.എസ് ഒാഫീസർമാരുടെ മേൽനോട്ടത്തിൽ 25,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും ഇവർക്ക് നൽകും. ഷോ കടന്നുപോകുന്ന റോഡിനിരുവശവുമുള്ള മുക്കും മൂലയും ഇവർ അരിച്ചുപെറുക്കും. ട്രംപ് എത്തുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾത്തന്നെ ഇവർ നിരീക്ഷണം തുടങ്ങിയിരുന്നു. പ്രശ്നമാകുമെന്ന് തോന്നിയതെല്ലാം ഒഴിവാക്കി. ചില കെട്ടിടങ്ങൾ വരെ നീക്കംചെയ്തുവത്രേ.
ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും സാന്നിദ്ധ്യം തിരിച്ചറിയാൻ വിഗദ്ധരായ പൊലീസ് നായ്ക്കളു
ടെ പത്ത് സംഘങ്ങളെയും റോഡ് ഷോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ആവശ്യമെന്ന് കണ്ടാൽ കൂടുതൽ സംഘത്തെ നിയോഗിക്കും.ഇവർക്കുപുറമേ എസ്.പി.ജി, എൻ.എസ്.ജി കമാൻഡോകളും രഹസ്യാന്വേഷകരും രംഗത്തുണ്ട്. ഒപ്പം ട്രംപിന്റെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ അമേരിക്കയിൽ നിന്നെത്തുന്ന പ്രത്യേക സംഘവും.
മതിൽ പൂർത്തിയായി
ട്രംപിന്റെ യാത്രാ വഴിയിലെ ചേരിയെ മറയ്ക്കാനുള്ള കൂറ്റൻ മതിലിന്റെ നിർമ്മാണം പൂർത്തിയായി. മതിലിന് മുകളിൽ പടുകൂറ്റൻ ഇരുമ്പുവേലിയും സ്ഥാപിച്ചു. സുരക്ഷ മുൻനിറുത്തിയാണ് ഇതെന്നാണ് ഒൗദ്യോഗിക ഭാക്ഷ്യം.
നിയന്ത്രണം രണ്ടുദിവസംമുമ്പ്
ട്രംപ് അഹമ്മദാബാദിലെത്തുന്നതിന് രണ്ടുദിവസം മുമ്പുതന്നെ റോഡുകൾ അടയ്ക്കുമെന്നാണ് റിപ്പോർട്ട്. ഇതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ നിന്ന് കൊണ്ടുവരുന്ന പ്രത്യേക വാഹനത്തിലായിരിക്കും ട്രംപിന്റെ യാത്ര. എന്തെങ്കിലും കാരണവശാൽ റോഡ്ഷോ ഉപേക്ഷിക്കുകയാണെങ്കിൽ ഹെലികോപ്ടർ വഴിയാകും ഹൗഡി മോദിക്ക് സമാനമായ കേം ചോ ട്രംപ് നടക്കുന്ന മൊടേര സ്റ്റേഡിയത്തിലേക്ക് പോകുന്നത്. കേം ചോ ട്രംപിൽ ഒരുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കേം ചോ ട്രംപിന് മുന്നോടിയായി ട്രംപും മോദിയും ചേർന്നാകും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്.