കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത്‌ പരിധിയിൽ പറകുന്ന്‍ - അമ്മാംകോണം പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി. കല്ലമ്പലം വൈദ്യുതി സെക്ഷന് കീഴിലെ ഈ മേഖലയിൽ പതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ച ലൈനുകൾക്ക് താങ്ങാവുന്നതിലുമധികമാണ് പ്രദേശത്തെ വൈദ്യുതി ഉപഭോഗം. വീടുകളും സ്ഥാപനങ്ങളും വർദ്ധിച്ചിട്ടും ലൈനുകളുടെ എണ്ണം വർദ്ധിപ്പിക്കാനോ ട്രാൻസ്ഫോർമർ സ്ഥാപിക്കാനോ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വോൾട്ടേജില്ലാത്തതിനാൽ ഭൂരിഭാഗം യന്ത്രോപകരണങ്ങളും പ്രവർത്തിപ്പിക്കാനാകുന്നില്ല. രാത്രി ട്യൂബ് ലൈറ്റുകൾ കത്താറില്ല. പൊതുപരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾ വോൾട്ടേജ് ക്ഷാമം മൂലം ഏറെ ബുദ്ധിമുട്ടിലാണ്. അടിയന്തരമായി പ്രദേശത്ത് വോൾട്ടേജ് വർദ്ധിപ്പിക്കാൻ വേണ്ട നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.