തിരുവനന്തപുരം: പൊലീസിലെ അഴിമതിയെക്കുറിച്ച് നിയമസഭയിൽ താൻ ഉന്നയിച്ച കാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രിയ്ക്കടക്കം സംശയമുണ്ടെങ്കിൽ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി.തോമസ്. സംസ്ഥാനത്തെ പൊലീസ് വകുപ്പ് ആകെ നാറി നിൽക്കുകയാണ്. അവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമായതിനാൽ തനിക്കെതിരെ എന്ത് നടപടിയും അവർ സ്വീകരിക്കും. സി.എ.ജിയെ താൻ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല. പി.ടി തോമസ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
കണ്ണും കാതും കൂർപ്പിച്ചാൽ മതി
കണ്ണും കാതും തുറന്ന് നടക്കുന്ന ആർക്കും പൊലീസിനകത്ത് നടക്കുന്ന തട്ടിപ്പുകൾ നേരിട്ട് കാണാൻ കഴിയും. ഞാൻ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉന്നയിച്ചത്. പൊലീസ് കേസുകൾക്ക് തുമ്പ് കിട്ടുന്ന കെമിക്കൽ ലാബുകളിലെ പരിശോധന അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പോലും പേര് രജിസ്റ്റർ ചെയ്യാത്ത ഇരുപതിലേറെ പൊലീസുകാരെ ക്രമക്കേട് നടത്താനായി കെമിക്കൽ ലാബുകളിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്. ഈ വിവരം എനിക്ക് അവിടെ നിന്നാണ് ലഭിച്ചത്. ഭക്തവിലാസത്ത് പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ബംഗ്ളാവുകളുടെ പണികൾ നടക്കുന്നതാണ് രണ്ടാമത്തെ കാര്യം. അവിടെ നടക്കുന്നതും തിരിമറിയാണെന്ന വിവരം എനിക്ക് ലഭിച്ചു. മൂന്നാമത്തേത് സിംസ് പദ്ധതിയാണ്. നാട്ടിൽ ചാക്കും പാട്ടയും വിൽക്കാൻ നടക്കുന്നവരെ പോലെ ജില്ലാ പൊലീസ് സൂപ്രണ്ടുമാരുൾപ്പെടെ ആയിരം കാമറകൾ വയ്ക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് നാട്ടിലൂടെ നടക്കുകയാണ്. ഈ വിവരമൊക്കെ എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. പൊലീസിൽ എവിടെ തിരിഞ്ഞാലും അഴിമതി മാത്രമാണ്. എനിക്ക് വിവരം ലഭിച്ച് കുറച്ച് ദിവസം കഴിഞ്ഞാണ് നിയമസഭ ആരംഭിച്ചത്. ആദ്യത്തെ രണ്ട് ദിവസം എനിക്ക് വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം വരാൻ സാധിച്ചില്ല. പിന്നെയാണ് അവസരം ലഭിച്ചപ്പോൾ ഇക്കാര്യം ഉന്നയിച്ചത്. അതിന്റെ പിറ്റേ ദിവസം യാദൃച്ഛികമായാണ് സി.എ.ജി റിപ്പോർട്ട് പുറത്തു വന്നത്.
എന്റെ ഫോൺ ചോർത്തുന്നു
എന്റെ ഫോണിലേക്ക് വരുന്ന കോളുകൾ പൊലീസ് ചോർത്തുകയാണ് എന്ന സംശയം എനിക്കുണ്ട്. അങ്ങനെ ചോർത്തുന്ന പൊലീസുകാർ അന്വേഷിച്ചാൽ മനസിലാകുമല്ലോ ഞാൻ സി.എ.ജിയുമായി സംസാരിച്ചിട്ടുണ്ടോയെന്ന്. ഞാൻ സി.എ.ജിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ എന്നെ കസ്റ്റഡിയിലെടുക്കാനുള്ള തന്റേടം കാണിക്കണം. ഞാൻ പല ആരോപണങ്ങളും ഇതിന് മുമ്പും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ ശരിയാണെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്. ലാവ്‌ലിൻ കേസ് വർഷങ്ങൾക്ക് മുമ്പ് നിയമസഭയിൽ ആദ്യമായി ഉന്നയിച്ചത് ഞാനായിരുന്നു.
ഇത് ആദ്യമായല്ല
മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന പൊലീസ് അഴിമതിയെ സി.പി.എം നേതൃത്വം നിസാരവത്കരിക്കുകയാണ്. ആദ്യമായാണ് സി.എ.ജി, ഒരു ഉദ്യോഗസ്ഥന്റെ പേര് പറയുന്നത് എന്നാണ് കോടിയേരി പറയുന്നത്. എന്നാൽ, ആദ്യമായല്ല. മുമ്പ് കെ.എസ്.എഫ്.ടി.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പേരുകൾ സി.എ.ജി പറഞ്ഞിട്ടുണ്ട്. പിന്നെ പറയുന്ന ഒരു ആരോപണം സി.എ.ജി വാർത്താസമ്മേളനം നടത്തുന്നത് അത്യപൂർവ സംഭവമാണെന്നാണ്. കഴിഞ്ഞ 25 വർഷത്തിനിടെ എല്ലാ സി.എ.ജിമാരും പത്ര സമ്മേളനം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. വാർത്താസമ്മേളനം നടത്താത്ത സി.എ.ജിമാർ ആരെങ്കിലും ഉണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
ഭയപ്പെടുത്താൻ നോക്കേണ്ട
യു.ഡി.എഫിനോട് ഒരു വിട്ടുവീഴ്ചയും വേണ്ട. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണം. ഈ സർക്കാർ അധികാരത്തിൽ വന്ന ഉടൻ യു.ഡി.എഫ് കാലത്തെ അഴിമതി കണ്ടുപിടിക്കാൻ എ.കെ. ബാലൻ അദ്ധ്യക്ഷനായി ഒരു കാബിനറ്റ് സബ് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. അവർ കേരള സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് യു.ഡി.എഫിന്റെ അഴിമതികൾ അന്വേഷിച്ചത്. എന്നിട്ട് അതൊക്കെ എന്തായി എന്ന് വ്യക്തമാക്കണം. ഇവർക്കെതിരെ ആരോപണം വരുമ്പോൾ ഇവർ ഓരോ തട്ടിക്കൂട്ട് കാര്യങ്ങൾ പറഞ്ഞ് യു.ഡി.എഫിനെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്.
അട്ടിമറിക്കാൻ സാദ്ധ്യത
ടോമിൻ തച്ചങ്കരി ബെഹ്റയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. പൊലീസ് മേധാവി ആരോപണ വിധേയനായി ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ പരിശോധന നടത്തിയിട്ട് കാര്യമില്ല. ഡോക്ടറുടെ തെറ്റ് കണ്ടുപിടിക്കാൻ നഴ്സിനെ ഏൽപ്പിക്കും പോലത്തെ പരിപാടിയാണിത്. സർക്കാരിന് ആർജവമുണ്ടെങ്കിൽ സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് കേസ് കൈമാറാൻ തയ്യാറാകണം. എത്രയും വേഗം ഈ രേഖകളെല്ലാം കോടതി ഇടപെട്ട് പിടിച്ചെടുക്കണമെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ കേസ് അട്ടിമറിക്കാനുള്ള വലിയ സാദ്ധ്യത നിലനിൽക്കുന്നുണ്ട്.