കടയ്ക്കാവൂർ: കായലോര ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ അഞ്ചുതെങ്ങ് കായലിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന പൊന്നുംതുരുത്തിലേക്ക് എത്താൻ സൗകര്യപ്രദമായ മാർഗങ്ങളില്ലാതെ സഞ്ചാരികൾ വലയുന്നു. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലമായിട്ട് കൂടി ഈ ഭാഗത്തേക്ക് റോഡ് നിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
വർഷങ്ങളായി സ്ഥലവാസികളും വിളബ്ഭാഗം പ്ളാവഴികം റസിഡന്റ്സ് അസോസിയേഷനും മില്ലുമുക്ക്-കണ്ണേറ്റിൽ റോഡ് നീട്ടണമെന്നാവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
പ്ളാവഴികത്തേയ്ക്കുളള റിംഗ് റോഡായി ഉടയാൻകുഴി റോഡും ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മനോഹരമാക്കിയെങ്കിലും അമ്പത് മീറ്റർമാത്രം ദൂരം വരുന്ന കണ്ണേറ്റ് റോഡ് കാട് കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. വിനോദ സഞ്ചാരികൾ ഇൗ റോഡിൽകുടി പൊന്നുംതുരത്തിലെത്താൻ കഴിയാതെ മടങ്ങുന്ന ദയനീയവസ്ഥയാണ് കാണുന്നത്. പൊന്നുംതുരുത്ത്, പെരുമാതുറ കായൽടൂറിസം, പ്രോജക്ട് നടപ്പിലാക്കുമ്പോൾ പ്രവേശനകവാടമായി മാറ്റാൻ കഴിയുന്ന കണ്ണേറ്റിൽ പ്രദേശത്തിലെ പൊന്നുതുരുത്ത് റോഡ് അടിയന്തരമായി പണി പൂർത്തിയാക്കണമെന്നും അടൂർപ്രകാശ് എം.പി, അഡ്വ. വി.ജോയി എം.എൽ.എ, തുടങ്ങിയവർ പങ്കെടുത്ത വിളബ്ഭാഗം പ്ളാവഴികം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ വച്ചും അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥന നടത്തിയിരുന്നു . ഇൗ കാര്യത്തിൽ അധികൃതർ ഇനിയും അനാസ്ഥ കാണിച്ചാൽ ശക്തമായ സമരപരിപാടികൾക്ക് നടത്തുമെന്ന് അസോസിയേഷൻ സെക്രട്ടറി സലിം അറിയിച്ചു. നാട്ടുകാരുടെ ചിരകാല അഭിലാഷമായ റോഡ് മില്ലുമുക്ക് കണ്ണേറ്റിൽ പൊന്നും തുരുത്ത് കരയിലേക്ക് നീട്ടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.