nigraham-13

തന്റെ ഓട്ടോയിൽ ആരുടെ ഫോൺ?

സിദ്ധാർത്ഥ് വേഗം പുറത്തിറങ്ങി. ഓട്ടോയുടെ പടുത ഉയർത്തി അകത്തേക്കു നോക്കുമ്പോഴേക്കും ബെൽ നിലച്ചു.

''അമ്മേ... ആ ടോർച്ചൊന്നെടുത്തേ.."

തിരിഞ്ഞ് അവൻ മഹിമാമണിയോട് പറഞ്ഞു.

എന്നാൽ അടുത്ത നിമിഷം വീണ്ടും ഫോൺ ശബ്ദിച്ചു. പാസഞ്ചേഴ്സിന്റെ സീറ്റിനു പിന്നിലുള്ള തട്ടിൽ നീലവെളിച്ചം മിന്നി.

''ടോർച്ചു വേണ്ടമ്മേ..."

അവൻ കൈയെത്തിച്ച് ഫോൺ എടുത്തു. ഡിസ്‌പ്ളേയിൽ 'ഷാജിസാർ സ്പീക്കിംഗ്" എന്നു തെളിയുന്നു.

സിദ്ധാർത്ഥിന്റെ മനസ്സിൽ ഒരു ചൂണ്ട കൊളുത്തി. ''ഈ 'ഷാജിസാർ" ചെങ്ങറ ഷാജിയാണോ? തന്റെ ഓട്ടോയിൽ കയറിയ ആരോ ഫോൺ അബദ്ധത്തിൽ അവിടെവച്ച് മറന്നതാണെന്നു വ്യക്തം.

എന്തായാലും കോൾ എടുക്കാൻ തീരുമാനിച്ചു.

റിസീവിംഗ് ബട്ടൻ പ്രസ് ചെയ്ത് അവൻ ഫോൺ സ്പീക്കർമോഡിലിട്ടു.

''ഹലോ..." അപ്പുറത്തുനിന്ന് പുരുഷശബ്ദം.

അത് ഷാജി ചെങ്ങറയുടേതാണെന്ന് സിദ്ധാർത്ഥിനു തോന്നി.

അവൻ മിണ്ടാതെ അപ്പുറത്തുനിന്നു പറയുന്നതിനു കാതോർത്തു.

''നീയെന്താടീ മിണ്ടാത്തത്?" പിന്നെയൊരു പുഴുത്ത തെറി. ''നിന്റെ അണ്ണാക്കിലെന്താടീ? നേരത്തെ ഞാൻ വിളിച്ചിട്ടെന്താടീ ഫോൺ എടുക്കാത്തത്?"

ഇത് ഏതോ സ്ത്രീയുടെ ഫോണാണെന്ന് ആ സെക്കന്റിൽ തിരിച്ചറിഞ്ഞു സിദ്ധാർത്ഥ്.

തന്റെ ഓട്ടോയിൽ അന്നു കയറിയ സ്‌ത്രീകളുടെ മുഖങ്ങൾ അവൻ ഓർമ്മയിൽ പരതി. അതിൽ ആദ്യം തെളിഞ്ഞത് മാളവികയുടേത് ആയിരുന്നു.

സിദ്ധാർത്ഥ് മറുപടി നൽകാത്തപ്പോൾ അപ്പുറത്തെ ശബ്ദത്തിനു മൂർച്ച കൂടി.

''എടീ ഒരുമ്പെട്ടോളെ... കഴിഞ്ഞ കുറച്ചുകാലമായിട്ട് ഞാൻ തന്ന ശമ്പളം കൊണ്ടല്ലേടീ നീ ഉരുട്ടി വിഴുങ്ങിയത്? എന്നിട്ടും നിനക്ക് എന്നോട് പുച്ഛം. നീ അങ്ങനെ കൂടുതൽ ശീലാവതിയൊന്നും ആകണ്ടെടീ. ഈ ഷാജി ഒത്തിരി പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്."

ഇപ്പോൾ സിദ്ധാർത്ഥിന് ഉറപ്പായി. സംസാരിക്കുന്നത് ഷാജി ചെങ്ങറ തന്നെ. അയാളുടെ ശബ്ദം ഇടയ്ക്കു കുഴയുന്നുണ്ട്. നന്നായി മദ്യപിച്ചിട്ടുണ്ടെന്നു വ്യക്തം.

വീണ്ടും മിണ്ടാതെ കേട്ടുനിന്നു സിദ്ധാർത്ഥ്.

ഷാജി തുടർന്നു:

''ഞാൻ കൊതിച്ചിട്ടുള്ള ഒരു പെണ്ണും എന്റെ കൈയീന്നു വഴുതിപ്പോയിട്ടില്ലെടീ. ഒരുതവണ നീ രക്ഷപെട്ടു. പക്ഷേ നിന്നെ ഞാൻ പൊക്കും. ഇനി ഒരു ജോലിയും കിട്ടാതെ പട്ടിണി കിടക്കുമ്പം നീ വരുമെടീ എന്റെ മുന്നിൽ... എന്തിനും തയ്യാറായിട്ട്. കേട്ടോടീ പന്ന..."

തുടർന്നു തെറി​.

''നീ എന്താടീ എന്നെക്കുറിച്ച് കരുതിയത് ? ഒരു ഓട്ടോക്കാരനെ കൊണ്ടുവന്ന് മുന്നിൽ നിർത്തിയാൽ മുള്ളിപ്പോകുന്നവനാണ് ഞാനെന്നോ? അവനും ഞാൻ കൊടുക്കുമെടീ. നല്ല ഒന്നാന്തരമായിട്ട്. സിദ്ധാർത്ഥ്. അതാണ് അവന്റെ പേര്. അല്ലേടീ? ഒക്കെ ഞാൻ തിരക്കിയറിഞ്ഞെടീ."

സിദ്ധാർത്ഥിനു കാര്യങ്ങൾ വ്യക്തമായി. ഇത് മാളവികയുടെ ഫോണാണ്. അവളെ ഭീഷണിപ്പെടുത്തുകയാണ് ഷാജി. രോഷത്താൽ സിദ്ധാർത്ഥിന്റെ ഞരമ്പുകളിലെ ചോരയോട്ടത്തിനു വേഗതയേറി.

ഇനി നിയന്ത്രിച്ചു നിൽക്കുവാൻ കഴിയില്ലായിരുന്നു അവന്.

''മോനേ ഷാജീ... നീ നല്ല കടയിൽ നിന്ന് ആഹാരം കഴിച്ചു കാണത്തില്ല. അതിന്റെ തെളപ്പാ ഇത്. സാരമില്ല. മാറിക്കോളും. അല്ലെങ്കിൽ മാറ്റിത്തരാം."

പൊടുന്നനെ അപ്പുറത്ത് നിശ്ശബ്ദത. പുരുഷശബ്ദം കേട്ട് ഷാജി അമ്പരന്നു കാണും!

പിന്നെ ചീറ്റൽ പോലെ ഒരു ചോദ്യം.

''ആരെടാ നീ?"

''നീ നേരത്തെ പറഞ്ഞില്ലേ ഒരു ഓട്ടോക്കാരനെക്കുറിച്ച് തിരക്കിയറിഞ്ഞെന്ന്. അതേ ആള് തന്നെ. ഓട്ടോ ഡ്രൈവർ സിദ്ധാർത്ഥ്."

''എടാ..." ഷാജി അലറി. ''അവടെ ഫോൺ എങ്ങനെ നിന്റെ കയ്യിൽ? അതോ നിങ്ങളൊന്നിച്ച് താമസം തുടങ്ങിയോ?"

''തുടങ്ങിയെടാ. നിന്നെ അറിയിക്കാൻ പറ്റിയില്ല. പിന്നെ... നീ ഈ പറഞ്ഞതൊക്കെ ഞാൻ റിക്കാർഡ് ചെയ്തിട്ടുണ്ട്. ഇനി നീ മാളവികയ്ക്കെതിരെ പ്രതികാരത്തിനു മുതിർന്നാൽ... മോനേ ഷാജീ... നിന്റെ കടയിലെ ഭിത്തിയിൽ സ്വർണ്ണ ഫ്രെയിമിട്ട് നിന്റെ ഫോട്ടോ മാല ചാർത്തി തൂങ്ങിക്കിടക്കും. നിനക്ക് ഞാൻ ആർ.ഐ.പി തരും."

പെട്ടെന്ന് അപ്പുറത്ത് കോൾ മുറിച്ചു.

സിദ്ധാർത്ഥിന്റെ മുഖത്തൊരു പുഞ്ചിരി മിന്നി. ഫോൺ പോക്കറ്റിലിട്ട് ഒരു മൂളിപ്പാട്ടും പാടി അവൻ വീട്ടിലേക്കു കയറി.

അന്തംവിട്ട ഭാവത്തിൽ നോക്കിനിൽക്കുകയായിരുന്നു മഹിമാമണി.

''നീ ആരോടാടാ അങ്ങനെയൊക്കെ സംസാരിച്ചത്?"

''ഓ. ആ ഷാജിയോട്..." അവൻ കണ്ണിറുക്കി.

''ഏത് ഷാജി?"

''അമ്മയ്ക്ക് എത്ര ഷാജിമാരെ അറിയാം? ഇത് സിനിമാനടൻ ഷാജിയാ."

മഹിമാമണിയുടെ കണ്ണുകൾ മിഴിഞ്ഞു.

''പാഷാണം ഷാജിയാണോടാ?"

''തന്നെ."

അവൻ തന്റെ മുറിയിൽ കയറി. മാളവികയുടെ ഫോൺ ഭദ്രമായി വച്ചിട്ട് ഷർട്ട് അഴിച്ച് അയയിൽ തൂക്കി. ശേഷം ഒരു ലുങ്കിയെടുത്ത് അരയിൽ ചുറ്റിക്കൊണ്ട് തോർത്ത് തോളിലിട്ട് പിന്നാമ്പുറത്തേക്കിറങ്ങി. അതിനിടെ മഹിമാമണിയോടു പറഞ്ഞു:

''അമ്മ ചോറെടുത്ത് വച്ചോ... ഞാൻ ദേ പോയി... ദാ വന്നു."

കിണറ്റിൽ നിന്നു വെള്ളംകോരി തലയിലേക്ക് ഒഴിച്ചപ്പോൾ വല്ലാത്തൊരു സുഖം...

പത്തു മിനിട്ടിനുള്ളിൽ സിദ്ധാർത്ഥ് കുളികഴിഞ്ഞുവന്നു.

അമ്മയും മകനും ഒന്നിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്. എന്നും അത്താഴത്തിന് അങ്ങനെയാണ്.

ചോറും ചമ്മന്തിയും കട്ടതൈരും.

ഉണക്കമീൻ വറുത്തതും. ഈ കോമ്പിനേഷൻ ഇഷ്ടമാണ് സിദ്ധാർത്ഥിന്.

ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ മാളവികയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അമ്മയോടു പറഞ്ഞു.

''കഷ്ടം..." മഹിമാമണി ഉരുട്ടിയ ചോറ് അങ്ങനെ തന്നെ കയ്യിലിരുന്നു.

പിന്നെ പെട്ടെന്നായിരുന്നു അവരുടെ ചോദ്യം.

''ആ ഷാജി ചെങ്ങറയോടാണോ നീ ഫോണിൽ സംസാരിച്ചത്?"

''അതെ..."

സിദ്ധാർത്ഥ് പറഞ്ഞതും അമ്മയുടെ കയ്യിൽ നിന്ന് ചോറിന്റെ ഉരുള വഴുതി!

(തുടരും)