വേനൽക്കാലമാകുമ്പോൾ സംസ്ഥാനത്ത് മലയോരങ്ങളിൽ അങ്ങിങ്ങ് കാട്ടുതീ പതിവാണെങ്കിലും വടക്കാഞ്ചേരിക്കടുത്ത് ദേശമംഗലം കൊറ്റമ്പത്തൂരിൽ ഞായറാഴ്ച ഉണ്ടായ ദുരന്തം ഇതിനു മുമ്പെങ്ങും ഉണ്ടാകാത്ത നിലയിലുള്ളതാണ്. ആളിപ്പടർന്ന കാട്ടുതീയിൽ വനപാലകരായ മൂന്നു സാധുക്കളാണ് എരിഞ്ഞടങ്ങിയത്. നൂറ് ഏക്കറോളം കാടും കത്തിനശിച്ചു. കാടിനു തീപിടിച്ച വിവരം അറിഞ്ഞ് അഗ്നിശമന പ്രവർത്തനങ്ങൾക്കിറങ്ങിയ പതിനാലംഗ വനംവകുപ്പ് സംഘത്തിൽപെട്ടവർക്കാണ് അത്യാഹിതം പിണഞ്ഞത്. ശക്തമായ കാറ്റിൽ തീ ആളിപ്പിടിച്ച കാട്ടിൽ നിന്ന് പ്രാണരക്ഷാർത്ഥം സുരക്ഷിത സ്ഥാനം തേടി പായുന്നതിനിടയിലാണ് കാവൽ ജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന മൂന്നു വാച്ചർമാരെയും തീ വിഴുങ്ങിയത്. കാടിന്റെ തന്നെ മക്കളായിരുന്നു മരണമടഞ്ഞ മൂന്നുപേരും. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി വക തോട്ടത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അതിരൂക്ഷമായ വേനൽച്ചൂടോ ആരുടെയെങ്കിലും ഭാഗത്തുനിന്ന് അശ്രദ്ധമൂലമുണ്ടായ കൈപ്പിഴയോ ആകാം നൂറോളം ഏക്കർ വനം കത്തിക്കരിയാൻ ഇടയാക്കിയത്. കാടിനു തീപിടിച്ചാൽ നിസഹായരായി കണ്ടുനിൽക്കാനല്ലാതെ വലിയ തോതിലുള്ള അഗ്നിപ്രതിരോധ നടപടികളൊന്നും വശമില്ലാത്തതാണ് നമ്മുടെ വനം വകുപ്പ്. അവശ്യം പാലിക്കേണ്ട നടപടികൾ പോലും പലപ്പോഴും എടുക്കാറുമില്ല. തീപിടിത്തമുണ്ടായാൽ മറ്റിടങ്ങളിലേക്ക് അതു വ്യാപിക്കാതിരിക്കാൻ അവശ്യം ഉണ്ടായിരിക്കേണ്ട ഫയർലൈൻ പോലും പലേടത്തും ഇല്ല. കൊറ്റമ്പത്തൂരിൽ ഉണ്ടായതുപോലുള്ള വലിയ ദുരന്ത സംഭവത്തിനു സാക്ഷിയാകേണ്ടി വരുമ്പോഴാണ് വീഴ്ചകളെയും പോരായ്മകളെയും കുറിച്ച് ചിന്തിക്കുന്നതു തന്നെ. ഈ വർഷത്തെ വേനൽ ഭയാനക സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കാടുകളിൽ ഉൾപ്പെടെ അഗ്നിപ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. കാട്ടുതീയിൽ ജീവൻ ഹോമിക്കേണ്ടിവന്ന ദിവാകരൻ, വേലായുധൻ, ശങ്കരൻ എന്നീ വാച്ച്മാന്മാരുടെ കുടുംബത്തെ കൈയയച്ചു സഹായിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.
തുടർച്ചയായ രണ്ട് മഹാപ്രളയങ്ങൾക്കു ശേഷവും വേനൽ തുടങ്ങിയ ഘട്ടത്തിൽത്തന്നെ സംസ്ഥാനം വരൾച്ചയിലേക്കു നീങ്ങുന്ന കാഴ്ചയാണിപ്പോൾ. നദികളും പുഴകളും കിണറുകളുമൊക്കെ അതിവേഗമാണ് മെലിയുന്നത്. ഇരു കരകളും കവിഞ്ഞ് പാഞ്ഞൊഴുകിയ വലിയ നദികൾ ഇപ്പോൾ നീർച്ചാലുകളായി മാറിയിട്ടുണ്ട്. പ്രളയം വലിയ നാശം വരുത്തിയ പാലക്കാട് ജില്ലയിൽ പോലും ഭൂഗർഭ ജലം ആറുമീറ്റർ വരെ താഴ്ന്നു കഴിഞ്ഞെന്ന റിപ്പോർട്ട് പരിഭ്രാന്തി പരത്തുന്നതാണ്. നഗരങ്ങളിൽ കുടിവെള്ള വിതരണത്തിലും കുറവുണ്ടായിട്ടുണ്ട്. ഓരോ വേനലും സമ്മാനിക്കുന്ന കെടുതികളെക്കുറിച്ച് പൂർണ ബോദ്ധ്യമുണ്ടെങ്കിലും ജലസംരക്ഷണ മാർഗങ്ങൾ ഇപ്പോഴും അന്യമാണ്. ജലസ്രോതസുകൾ സംരക്ഷിച്ചു സൂക്ഷിക്കുന്നതിലല്ല നാനാവിധേനയും നശിപ്പിക്കുന്നതിലാണ് മത്സരം നടക്കുന്നത്. കാലവർഷത്തിന് ഇനിയും അഞ്ചുമാസം ശേഷിക്കുന്നതിനാൽ ഇപ്പോഴേ വേണ്ട കരുതലെടുത്തില്ലെങ്കിൽ കുടിനീർക്ഷാമം കൂടുതൽ രൂക്ഷമാകും.
വേനൽക്കാലം തീപിടിത്തത്തിന്റെ കാലം കൂടിയാണ്. ഇതിനകം തന്നെ വലുതും ചെറുതുമായ തീപിടിത്തമുണ്ടാകാത്ത ഒരു ദിവസം പോലുമില്ല. വീടുകളും കടകളും സൂപ്പർ മാർക്കറ്റുകളും മാത്രമല്ല ഓടുന്ന വാഹനങ്ങളും അഗ്നിക്കിരയാകുന്ന സംഭവങ്ങൾ പരക്കെയുണ്ട്. അഗ്നി പ്രതിരോധ നടപടികളിൽ കൂടുതൽ ജാഗരൂകരാകേണ്ട സമയമാണിത്. ചെറിയൊരു അശ്രദ്ധ മതി ജീവിത സമ്പാദ്യമെല്ലാം ഒറ്റ മണിക്കൂർകൊണ്ട് ചാമ്പലാകാൻ. അഗ്നിരക്ഷാസേനാ വിഭാഗവും കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. കൂടുതൽ വാഹനങ്ങളും അത്യാധുനിക അഗ്നിപ്രതിരോധ സംവിധാനങ്ങളും നൽകിയാലേ കാര്യക്ഷമമായി അവർക്കു പ്രവർത്തിക്കാനാവൂ.
അണക്കെട്ടുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കാനും അവയിൽ അടിഞ്ഞു കൂടിക്കിടക്കുന്ന ചെളിയും എക്കലും വാരിമാറ്റാനുമുള്ള നല്ല അവസരമാണിത്. സർക്കാരിനു വലിയ വരുമാനം ലഭിക്കാനുള്ള മാർഗം കൂടിയാണിത്. എത്രയോ വർഷമായി അണക്കെട്ടുകളിൽ നിന്ന് മണലെടുക്കുന്നതിനെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട്. ഈ വേനൽക്കാലത്തെങ്കിലും അതിനു തുടക്കമിടാൻ കഴിയണം. ജലസംരക്ഷണത്തിൽ തടയണകൾക്കുള്ള പ്രാധാന്യം അശേഷം ഉപയോഗപ്പെടുത്താത്ത സംസ്ഥാനമാണ് കേരളം. സമൃദ്ധമായ രണ്ട് മഴക്കാലമുണ്ടായിട്ടും ജനുവരി ആകുന്നതോടെ എല്ലാ നദികളും മെലിഞ്ഞുണങ്ങുന്നതിനു കാരണം തടയണകളില്ലാത്തതാണ്. നദികളിൽ വെള്ളം നിൽക്കാത്തതുകൊണ്ടാണ് കിണറുകളും വറ്റിവരളുന്നത്. വേനൽക്കാലം പലവിധ പകർച്ചവ്യാധികളുടെയും കാലം കൂടിയാണ്. പതിവിൽ കവിഞ്ഞ ചൂടിനെ ഫലപ്രദമായി നേരിടാനുള്ള വഴികൾ ആരോഗ്യവകുപ്പ് കൂടക്കൂടെ ജനങ്ങളെ അറിയിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ അനുസരിക്കേണ്ടവ തന്നെ. എന്നാൽ ജീവസന്ധാരണത്തിനായുള്ള ഓട്ടത്തിനിടയിൽ എത്രപേർക്ക് അതിനു കഴിയും എന്നതാണ് ചോദ്യം.