ആറ്റിങ്ങൽ: ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തോട് ചേർന്നു കിടക്കുന്ന പ്രദേശമായ കച്ചേരി ജംഗ്ഷനിലെ എം.ആർ ലൈൻ റോഡ് ടാറും മെറ്റലുമിളകി കുഴികൾ നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നാകുന്നു. നഗരസഭയിലെ പ്രധാന ഇടറോഡായിട്ടും ധാരാളം വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന വഴിയായിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
ആറ്റിങ്ങൽ ദേശീയപാതയിൽ ചെറു വാഹനങ്ങളുടെ ബൈപാസുപോലെ പ്രവർത്തിക്കുന്ന ഈ റോഡിന്റെ അവസ്ഥ ഏറെ ദുരിതമാണ്. പലയിടത്തും ടാർ കാണാനില്ല. കൂടാതെ റോഡ് നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ബൈക്ക് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധ തെറ്റിയാൽ തെന്നിവീണതു തന്നെ.
മുന്നൂറ് മീറ്ററിനകത്ത് ദൈർഘ്യമുള്ളതാണ് ഈ റോഡ്. കൊല്ലമ്പുഴ, വീരകേരളം ക്ഷേത്രം, ഗേൾസ് ഹൈസ്കൂൾ, കുഴിയിൽ മുക്ക്, മാർക്കറ്റ് റോഡ് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിൽ നിന്ന് ഉള്ളിലേക്ക് തിരിഞ്ഞുപോകുന്ന മറ്റ് ഇട റോഡുകളുമുണ്ട്. ദിവസവും നിരവധി സ്കൂൾ വാഹനങ്ങളാണ് ഇതുവഴി വന്നു പോകുന്നത്. റോഡ് തകർന്നതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. അഞ്ചു വർഷത്തിലധികമായി റോഡ് ടാർ ചെയ്തിട്ട്. നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.