accident

ആറ്റിങ്ങൽ: അയിലം റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ അപകടക്കെണിയാകുന്നു. അയിലം റോഡ് ആധുനിക രീതീയിൽ ടാർ ചെയ്തതോടെയാണ് സ്വകാര്യ ബസുകളും ന്യൂജെൻ ബൈക്കുകളും അമിത വേഗത്തിൽ പായുന്നത്. ഇടുങ്ങിയ റോഡിൽ കൂടി അമിത വേഗതയിൽ എത്തുന്ന ബസുകൾ കാൽനട യാത്രികർക്കും സാധാരണ ഇരുചക്ര യാത്രികർക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം താഴെ ഇളമ്പയിൽ നിറയെ യാത്രക്കാരുമായി അമിത വേഗതയിൽ വളവിൽ വലതു വശം ചേർന്ന് എത്തിയ സ്വകാര്യ ബസിൽ നിന്ന് തലനാരിഴക്കാണ് ബൈക്ക് യാത്രികൻ രക്ഷപെട്ടത്. ബസിന്റെ അമിത വേഗതയിലുള്ള വരവ് കണ്ട് അപകടം ഉണ്ടാകാതിരിക്കാൻ ബൈക്ക് വെട്ടിയൊടിച്ചപ്പോൾ തെന്നി റോഡിലേക്ക് വീണ് മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റിരുന്നു. അപകടം കണ്ടിട്ടും ബസ് നിറുത്താതെ പോയി.

സ്കൂൾ സമയത്ത് പോലും വേഗത കുറയ്ക്കാറില്ലെന്നും നിരവധി തവണ ബസുകൾ തടഞ്ഞിട്ടും പ്രയോജനമില്ലെന്നും നാട്ടുകാർ പറയുന്നു. പൊലീസിന്റെയും ആർ.ടി.ഒയുടെയും ഭാഗത്ത്‌ നിന്ന് കർശന നടപടികൾ ഉണ്ടാകാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.