കിളിമാനൂർ: ചരിത്രം ഇനി ചിതലരിക്കില്ല, പകരം പച്ചപ്പണിയും. സംഘടിത പ്രദേശിക പ്രക്ഷോഭങ്ങളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അണിചേർന്ന സമരമായ കല്ലറ - പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണ് പാങ്ങോട് പഴയ പൊലീസ് സ്റ്റേഷൻ. ഇതും ചേർന്നുള്ള പുതിയ സ്റ്റേഷൻ വളപ്പുവായി ഏകദേശം മുപ്പത് സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുങ്ങിയത്. തരിശ് കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷത്തൈകളും സസ്യങ്ങളും വെച്ച് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. കല്ലറ-പാങ്ങോട് വിപ്ലവുമായി ബന്ധപ്പെട്ട് ഐതിഹാസികമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പഴയ പൊലീസ് സ്റ്റേഷൻ മന്ദിരം ചരിത്ര സ്മാരകമാക്കണമെന്ന ചരിത്രകാരൻമാരുടെയും, ചരിത്ര വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഒരു കാലഘട്ടത്തിൽ കെട്ടിടം നിലം പൊത്തുന്ന അവസ്ഥ വരെ എത്തിയപ്പോൾ കേരള കൗമുദി വാർത്തയും നൽകിയിരുന്നു. തുടർന്ന് ഡി.കെ. മുരളി എം.എൽ.എ യുടെ ഇടപെടലിനെ തുടർന്ന് കെട്ടിടം നവീകരിച്ചിരുന്നു. തുടർന്ന് പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ നടത്തി പോയെങ്കിലും തുടർ പ്രവർത്തനങ്ങൾ ഇപ്പോഴും സർക്കാർ മുറപോലെ തന്നെ. പച്ചത്തുരുത്തിന്റെ ഭാഗമായി സ്റ്റേഷനും പരിസരവും വൃത്തിയാക്കി ഔഷധ സസ്യങ്ങളും, ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുകയും, ജൈവ ഉദ്യാനവും, ജൈവ വേലിയും, മുള കൊണ്ടുള്ള കൂടാരവും ,കിളികൾക്ക് ഒരു കവിൾ വെള്ളം പദ്ധതിയും ഒക്കെ സ്ഥാപിച്ചതോടെ ഒരു പൈതൃക ചരിത്ര മുഖം പഴയ പൊലീസ് സ്റ്റേഷനും പരിസരത്തിനും വന്നു ചേർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ പച്ചതുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ഗീത, ജില്ലാ പഞ്ചായത്തംഗം എ.എം. റാസി, പാങ്ങോട് സി.ഐ എൻ. സുനീഷ്, ഹരിത കേരളം മിഷൻ ഓഫിസർമാരായ ഹരിപ്രിയാ ദേവി, ഹുമയൂൺ എന്നിവർ പങ്കെടുത്തു.