ആറ്റിങ്ങൽ: അയൽക്കാരും വിവാഹിതരുമായ യുവാവും യുവതിയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവാവ് യുവതിയെ കഴുത്തു ഞെരിച്ച് കൊന്നശേഷം ആത്മത്യ ചെയ്തതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.പ്രവാസിയായ കടുവയിൽ കൃഷ്ണവിലാസത്തിൽ ബിജുകുമാറിന്റെ ഭാര്യ ശാന്തി കൃഷ്ണയെ ( 36) കിടപ്പുമുറിയിലെ കട്ടിലിൽ ഷാൾ കഴുത്തിൽ കുരുക്കിയ നിലയിലും, ഇവരുടെ വീടിന് സമീപം താമസിക്കുന്ന റോഡ് റോളർ ഡ്രൈവറായ മണിമന്ദിരത്തിൽ സന്തോഷ് കുമാർ എന്ന കെ.ഷിനുവിനെ (38) നിർമ്മാണം നടക്കുന്ന സ്വന്തം വീടിന് സമീപം തൂങ്ങിമരിച്ച നിലയിലും ഞായറാഴ്ച രാവിലെയാണ് കണ്ടത്.ശാന്തികൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ പിടിവലിയുടെ തെളിവുകളും, കഴുത്തിൽ കൈ അമർത്തി ഞെരിച്ചതിന്റെ പാടുമുണ്ട്. ഷിനുവിന്റെ ദേഹത്തും പിടിവലി നടന്നതിന്റെ മുറിപ്പാടുകൾ ഉണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആറ്റിങ്ങൽ സി.ഐ വി.വി.ദിപിൻ പറഞ്ഞു. ഞായറാഴ്ച മറ്റാരും വീട്ടിലില്ലാത്ത സമയത്ത് ഷിനു ശാന്തികൃഷ്ണയുടെ വീട്ടിലെത്തി അവരെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഷിനുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയും ശാന്തി കൃഷ്ണയുടെ മൃതദേഹം 3 മണിയോടെയുമാണ് വീട്ടിൽ എത്തിച്ചത്. ഷിനുവും ശാന്തികൃഷ്ണയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവീട്ടുകാർക്കും ഈ ബന്ധത്തിനോട് എതിർപ്പായിരുന്നു. ഷിനുവിന് ജോലിയില്ലെന്ന് പറഞ്ഞായിരുന്നു ശാന്തികൃഷ്ണയുടെ വീട്ടുകാർ ഇവരെ പിരിക്കാൻ ശ്രമിച്ചത്. തുടർന്നാണ് ശാന്തി കൃഷ്ണയും ഗൾഫിൽ ജോലിയുള്ള ബിജുകുമാറുമായുള്ള വിവാഹം നടന്നത്. ഒരു വർഷത്തിനകം ഷിനു പ്രണയിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു കുട്ടികൾ വീതമുണ്ട്.വിവാഹത്തിന് ശേഷവും ഷിനുവും ശാന്തികൃഷ്ണയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഒരു വർഷം മുൻപ് നാട്ടിലെത്തിയ ബിജുകുമാർ ശാന്തികൃഷ്ണയും ഷിനുവുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുകയും അത് വലിയ വഴക്കിന് കാരണമാവുകയും ചെയ്തു.തുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ മദ്ധ്യസ്ഥതയിൽ പ്രശ്നം ഒത്തു തീർപ്പാക്കിയാണ് ബിജുകുമാർ ഗൾഫിലേയ്ക്ക് മടങ്ങിയത്.