തിരുവനന്തപുരം: കേരളത്തിന്റെ രോഗാതുരത വർദ്ധിച്ചതായി കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ബി.ഇക്ബാൽ പറഞ്ഞു. ശിശു, മാതൃ മരണ നിരക്ക് തുടങ്ങിയ അംഗീകൃതമായ ആരോഗ്യ മാനദണ്ഡങ്ങളിൽ നമ്മൾ മുന്നിലാണെങ്കിലും പകർച്ചവ്യാധികൾ ധാരാളം ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'മാറുന്ന കാലവും പടരുന്ന വ്യാധികളും' എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.ഇക്ബാൽ.നിസ്സാരമായ ഇടപെടലിലൂടെ തടയാൻ കഴിയുന്ന നിരവധി പകർച്ചവ്യാധികൾ ഇവിടെയുണ്ട്.. രണ്ട് വലിയ രോഗങ്ങൾ വന്നിട്ടും 16 പേരാണ് മരിച്ചത്. കൊറോണ വന്ന് ആരും മരിച്ചില്ല. 2017ൽ പകർച്ച വ്യാധി കാരണം 454 പേരും 18ൽ 308 പേരും മരിച്ചു. പൂർണമായും നിയന്ത്രിച്ച മലേറിയ തിരിച്ചു വന്നു. വാക്സിനുകൾക്ക് എതിരായുളള ദുഷ്പ്രചരണങ്ങൾ കാരണം ഡിഫ്തീരിയ മരണം ഉണ്ടായി. പനി മൂലം 51 പേർ കഴിഞ്ഞ വർഷം മരിച്ചു.വയറിളക്ക രോഗങ്ങൾ കാരണവും ഇവിടെ ആളുകൾ മരിക്കുന്നു..വ്യക്തിശുചിത്വത്തിന്റേയു സമൂഹ്യശുചിത്വത്തിന്റേയും അഭാവമാണ് കാരണം.
ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശ്രീനാരണഗുരു പറഞ്ഞത് ആദ്യം വിദ്യാഭ്യാസം രണ്ടാമത് ശുചിത്വം മൂന്നാമത് ഈശ്വരഭക്തി എന്നാണ്. വിദ്യാഭ്യാസവും ശുചിത്വവും ഇല്ലാത്തവർക്ക് ഈശ്വരനെ പ്രാപിക്കാനാവില്ല. വെള്ളം തിളപ്പിച്ചാറ്റി കുടിക്കണമെന്ന് ഗുരു ഉപദേശിച്ചിരുന്നു. ആ പച്ചയിലാണ് കുറെയാക്കെ പകർച്ചവ്യാധികൾ കേരളത്തിൽ നിന്നും അകന്നു പോയത്.കേരളീയരെപ്പോലെ ഇത്രയധികംചടങ്ങുകളിൽ പങ്കെടുക്കുന്നവർ വേറെയില്ല.കേരളത്തിൽ ഈഡിസ് കൊതുകുകൾ ഉള്ളിടത്തോളം മഞ്ഞപ്പനിയും ഗർഭിണികൾക്ക് സീക്കാവൈറസ് ഇൻഫക്ഷനും ബാധിക്കും.എത്ര പേർ പ്രതിരോധ പ്രവർത്തനം നടത്തുന്നു എന്നു കൂടി ചിന്തിക്കണം. കൊറോണ, നിപ്പ പോലുള്ള രോഗങ്ങൾ ഇനിയും പടരാനുള്ള സാദ്ധ്യതയുണ്ട്- ഡോ.ഇക്ബാൽ പറഞ്ഞു. .
ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷനായിരുന്നു. പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിലെ മികച്ച വിദ്യാർത്ഥി ജി.സരിതയ്ക്ക് പ്രഭാവർമ്മ അവാർഡ് സമ്മാനിച്ചു.
കൊച്ചിയിലെ എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ബയോ സയൻസ് ആൻഡ് ബയോടെക്‌നോളജി ഡയറക്ടർ ഡോ. സി. മോഹൻകുമാർ, കാലിഫോർണിയയിലെ അലമേദ ഹെൽത്ത് സിസ്റ്റം മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് ഈപ്പൻ, കിംസ് ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് സീനിയർ കൺസൾട്ടന്റ് ഡോ. എ. രാജലക്ഷ്മി, ഡോക്ടേഴ്‌സ് വിത്ത്ഔട്ട് ബോർഡേഴ്‌സ് സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് ഡോ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പി.പി. ജെയിംസ് സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പർ എസ്. സുവർണകുമാർ നന്ദിയും പറഞ്ഞു.