m-m-hassan-1

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ ഗുരുതരമായ അഴിമതിയാരോപണം നേരിട്ട ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ ന്യായീകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നത് ലജ്ജാകരവും അപമാനകരവുമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസിൽ പർച്ചേസ് നടത്തിയെന്ന കണ്ടെത്തലിൽ ഡി.ജി.പിയെ തത്‌സ്ഥാനത്ത് നിന്ന് മാറ്റിനിറുത്തി സി.ബി.ഐ അന്വേഷിക്കണം. ഉണ്ടയും തോക്കും മോഷണം പോയെങ്കിൽ എ.കെ.ജി സെന്ററിലും അന്വേഷിക്കണം. ബെഹ്റ ഡി.ജി.പിയായ ശേഷം സംസ്ഥാനത്ത് നടന്നത് ഏഴ് വ്യാജ ഏറ്റുമുട്ടലുകളാണ്. അഴിമതിയാരോപണമുണ്ടായപ്പോൾ ഇ.പി. ജയരാജനെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിറുത്തിയ പിണറായി ബെഹ്റയുടെ കാര്യത്തിൽ എന്തുകൊണ്ട് ആ നിലപാടെടുക്കുന്നില്ല? വോട്ടിന് വേണ്ടി ജമാഅത്ത് ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പിറകേ നടക്കുകയും പൗരത്വപ്രക്ഷോഭത്തിൽ അവർ നുഴഞ്ഞുകയറിയെന്ന് ആരോപിക്കുകയും ചെയ്യുന്നത് മതേതര, ജനാധിപത്യ വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണെന്നും ഹസൻ പറഞ്ഞു.