farmer
photo

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളായ കർഷകർക്ക് പലിശ കുറഞ്ഞ വായ്പയ്ക്ക് അപേക്ഷിക്കാം. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വായ്പ നൽകുന്നത്.

15 ദിവസത്തെ കർമ്മ പരിപാടിയാണ് തുടങ്ങിയിരിക്കുന്നത്. കൃഷി ഭവനുകൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ, വാണിജ്യ, സഹകരണ, ഗ്രാമീണ ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾക്കാണ് പലിശ സബ്സിഡി. അതിന് മുകളിൽ ബാങ്ക് നിശ്ചയിക്കുന്ന പലിശ ഈടാക്കും. വായ്പ കുടിശിക ആയാൽ സബ്സി‌ഡി നഷ്ടപ്പെടും. പിഴപ്പലിശയും ഈടാക്കും.

കർഷകർ ചെയ്യേണ്ടത്.
 മേൽപ്പറഞ്ഞ ബാങ്കുകളെ സമീപിച്ച് ഒരു പേജുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകണം

 കരം തീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷി ചെയ്യുന്ന വിളകളുടെ വിവരം എന്നിവ വേണം

 1,60,000 രൂപ വരെയുള്ള വായ്പയ്ക്ക് കൃഷി സ്ഥലത്തുള്ള വിള മാത്രം ഈട് നൽകിയാൽ മതി

 1,60,000 രൂപയ്ക്ക് മുകളിലെ വായ്പയ്ക്ക് വിളകൾക്ക് പുറമേ വസ്തു ജാമ്യവും നൽകേണ്ടി വരും

കിസാൻ ക്രെഡിറ്റ് കാർഡ്

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാന മന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയുടെ ആനുകൂല്യവും കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലഭിക്കും. കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നീ മേഖലകളിലുള്ളവർക്ക് പ്രവർത്തന മൂലധനവും കെ.സി.സി പദ്ധതിവഴി വായ്പയായി കിട്ടും.