വിതുര: രക്താ‌ർബുധം ബാധിച്ച പത്തു വയസുകാരൻ ജീവൻ നിലനിറുത്തുന്നതിനായി സുമനസുകളുടെ കനിവ് തേടുകയാണ്. തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് വാ‌ർഡിൽ കാണിയാരംകോട് മുത്തിക്കാവ് ആദിവാസി കോളനിയിൽ സുദേവന്റെയും രാജികയുടേയും മകൻ സുരാജാണ് സുമനസുകളുടെ സഹായത്തിനായി അപേക്ഷിക്കുന്നത്. പനയ്ക്കോട് വി.കെ. കാണി ഗവ. ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ സുരാജിന് ഇക്കഴിഞ്ഞ ജനുവരി 28ന് ശക്തമായ പനി ബാധിച്ചു. വയറുവേദനയും ദേഹത്ത് നീരുമുണ്ടായിരുന്നു. തുടർന്ന് ആര്യനാട് ഗവ. ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് അയ്ക്കുകയുമായിരുന്നു. അവിടെ നിന്ന് ആർ.സി.സിയിൽ റഫർ ചെയ്തു. തുടർന്ന് നടന്ന പരിശോധനയിലാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. സുരാജിന്റെ അമ്മ കിഡ്നി രോഗബാധിച്ച് ചികിത്സയിലാണ്. പിതാവ് കൂലിപ്പണിക്കാരനുമാണ്. മൂന്ന് മാസം ആർ.സി.സിയിൽ ചികിത്സ നടത്തണം. ഇതിനായി പത്ത് ലക്ഷത്തോളം രൂപ ചെലവാകും. സുരാജിനെ സഹായിക്കുന്നതിനായി തൊളിക്കോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രകാശിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് സഹായങ്ങൾ നൽകുന്നുണ്ട്. കൂടുതൽ സഹായത്തിനായി നെടുമങ്ങാട് ബാങ്ക് ഒഫ് ബറോഡ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അകൗണ്ട് നമ്പർ-44980100006970, ഐ.എഫ്.എസ്.സി കോട്: BARB0NEDUMA. ഫോൺ: 7356131397