വർക്കല: പരമ്പരാഗത കയർതൊഴിലാളികളുടെ ഉപജീവനമാർഗമായിരുന്ന കരുനിലക്കോട് 492-ാം നമ്പർ കയർ വ്യവസായ സഹകരണസംഘം അടച്ചുപൂട്ടലിന്റെ ഭീഷണിയിൽ. അരനൂറ്റാണ്ട് കാലം സജീവമായി പ്രവർത്തിച്ചിരുന്ന ഈ കയർസഹകരണസംഘം അധികൃതരുടെ അനാസ്ഥമൂലം ഇന്ന് സ്തംഭനാവസ്ഥയിലാണ്.
പത്ത് ഇലക്ട്രോണിക് റാട്ടുകൾ ഉള്ളതിൽ എട്ടെണ്ണവും ഇപ്പോൾ പ്രവർത്തന രഹിതമാണ്. 36 സെന്റിലാണ് സംഘം പ്രവർത്തിക്കുന്നത്.
നഗരസഭയുടെ വകയല്ലാത്തതിനാൽ പ്രവർത്തന മൂലധനം നൽകാൻ നിവൃത്തിയില്ല എന്നു പറഞ്ഞ് നഗരസഭയും സംഘത്തെ കൈയൊഴിഞ്ഞ അവസ്ഥയിലാണ്. രണ്ട് ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനും പത്ത് ഇലക്ട്രോണിക് റാട്ടുകളും അഞ്ച് ലക്ഷം രൂപ പ്രവർത്തന മൂലധനവും ബബന്ധപ്പെട്ട വകുപ്പിൽ നിന്നും നൽകിയാൽ മുഴുവൻ തൊഴിലാളികൾക്കും വർഷം മുഴുവൻ തൊഴിൽ നൽകി ലാഭകരമായി ഈ സംഘത്ത പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് തൊഴിലാളികളും സംഘം ഭരണസമിതിയും പറയുന്നത്. സർക്കാരിന്റെയും കയർഫെഡിന്റെയും ധനസഹായത്തിനായി നിരവധി തവണ ഭരണസമിതി നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഈ സംഘത്തിൽ ഉണ്ടെങ്കിലും കയർഫെഡിന്റെയും കയർവികസന വകുപ്പിന്റെയും അവഗണനയുടെ ഫലമായി കരുനിലക്കോട് കയർവ്യവസായ സഹകരണസംഘം നശിക്കുകയാണ്.
സംസ്ഥാനത്ത് കയർമേഖലയുടെ തിരിച്ചു വരവിനുവേണ്ടി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോഴും ഈ സംഘത്തെ ബോധപൂർവം വിസ്മരിക്കുകയാണ്.