കല്ലമ്പലം: കഞ്ചാവ് വില്പന, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേർ കഞ്ചാവുമായി പിടിയിൽ. പുതുശേരിമുക്ക് വണ്ടിത്തടം ചരുവിള പുത്തൻവീട്ടിൽ ആട്ടോ ജാഫർ എന്ന ജാഫർ (42), സഹായിയും കൂട്ടുകച്ചവടക്കാരനുമായ കരവാരം കടുവാപള്ളിക്ക് സമീപം എഞ്ചാംകൊട് മേലെവിള പുത്തൻവീട്ടിൽ നസീം (33) എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ കഞ്ചാവുമായി കടുവയിൽപള്ളി മലയിൽക്കോണത്തെത്തി ആവശ്യക്കാരെ വിളിച്ചുവരുത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പണവും പൊലീസ് പിടിച്ചെടുത്തു. ജാഫറിനെ രണ്ടുമാസം മുമ്പ് സമാന കേസിൽ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. റൂറൽ എസ്.പി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ കല്ലമ്പലം സി.ഐ ഫറോസ്.ഐ, എസ്.ഐ നിജാം.വി, എ.എസ്.ഐ എം.കെ. സക്കീർ ഹുസൈൻ, ഗ്രേഡ് എസ്.ഐമാരായ രാധാകൃഷ്ണൻ, സനിൽകുമാർ തുടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.